മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓപൺ ഹൗസിൽ വിവിധ പരാതികളുമായി 50ഓളം പ്രവാസികളും 10 സംഘടനാ പ്രതിനിധികളും പങ്കെടുത്തു. മധ്യപ്രദേശിൽ ജനുവരി എട്ടുമുതൽ 10 വരെ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടത്തിയ പ്രവാസികളെയും സംഘടനകളെയും അംബാസഡർ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിച്ചു.
പുതുതായി ആരംഭിച്ച ലേബർ രജിസ്ട്രേഷൻ സെന്ററിൽ ഫ്ലക്സി വിസ ഉടമകളായ മുഴുവൻ പ്രവാസികളും രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫെബ്രുവരി വരെയാണ് രജിസ്ട്രേഷന് സമയം അനുവദിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് ഇ.സി.ആർ പാസ്പോർട്ട് ഉടമകളായ വീട്ടുജോലിക്കാരെ കൊണ്ടുവന്ന അനധികൃത ഏജന്റുമാർക്കെതിരെ ബന്ധപ്പെട്ട അധികൃതർക്ക് വിവരം നൽകിയതായും അനുകൂല പ്രതികരണം ലഭിച്ചതായും അംബാസഡർ പറഞ്ഞു.
കഴിഞ്ഞ ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന മിക്ക കേസുകളിലും പരിഹാരം കാണാൻ കഴിഞ്ഞു. ദീർഘകാലമായി ഇവിടെ കുടുങ്ങിക്കിടന്ന രണ്ടു വീട്ടുജോലിക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചു. പ്രയാസം നേരിടുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റും ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയിൽനിന്ന് ടിക്കറ്റും എംബസി നൽകി. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം നൽകിയ ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ഭാരതി, ബി.കെ.എസ്, ടി.കെ.എസ്, എസ്.പി.എം, ബികാസ്, ബുദൈയ്യ ഗുരുദ്വാര തുടങ്ങിയ സംഘടനകളെ അംബാസഡർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.