മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴി യാത്രചെയ്യുന്ന ഗൾഫ് എയർ യാത്രക്കാർക്ക് ബഹ്റൈനിലെ ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കാൻ അവസരം. ഗൾഫ് എയർ, ബഹ്റൈൻ എയർപോർട്ട് കമ്പനി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കണക്ഷൻ ഫ്ലൈറ്റുകൾക്കായി കാത്തുനിൽക്കുന്ന യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. അഞ്ചു മുതൽ 24 മണിക്കൂർവരെ കാത്തിരിക്കേണ്ടിവരുകയാണെങ്കിൽ പുതിയ സൗകര്യം പ്രയോജനപ്പെടുത്തി ബഹ്റൈനിലെ ലാൻഡ്മാർക്കുകളും ചരിത്രസ്മാരകങ്ങളും സന്ദർശിക്കാം. നഗരസഞ്ചാരം നടത്തുകയും ചെയ്യാം.
സേവനങ്ങൾ സൗജന്യമാണ്. കാനൂ ട്രാവൽസാണ് ഗതാഗത സൗകര്യം നൽകുന്നത്. ബഹ്റൈനിന്റെ സൗന്ദര്യവും ചരിത്രസ്മാരകങ്ങളും ആസ്വദിക്കാനും രാജ്യത്തെപ്പറ്റിയുള്ള മതിപ്പ് വർധിപ്പിക്കാനും പുതിയ പദ്ധതി സഹായകരമാകുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ നാസർ ഖാഇദി പറഞ്ഞു. യാത്രക്കാർക്ക് ബഹ്റൈൻ വീണ്ടും സന്ദർശിക്കാനുള്ള പ്രേരണയായി ഈ ടൂർ അനുഭവം മാറും. ബഹ്റൈൻ ഇപ്പോൾ ബിസിനസുകാരുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നുമാത്രമല്ല, കിഴക്കൻ രാജ്യങ്ങളെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഗേറ്റ്വേ കൂടിയാണ് രാജ്യം.
ദിവസേന നിരവധി സന്ദർശകർ ബഹ്റൈൻ എയർപോർട്ട് വഴി കടന്നുപോകുന്നുണ്ടെങ്കിലും ഇവിടെ ഇറങ്ങാൻ പലർക്കും അവസരം ലഭിക്കുന്നില്ല. പുതിയ സൗകര്യം അവർക്ക് രാജ്യത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരം തുറന്നുനൽകും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ടൂറുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ച 12 വരെയും വൈകീട്ട് ഏഴു മുതൽ 10 വരെയും രണ്ടുതവണ യാത്ര ക്രമീകരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാനും ഓഫറിനെക്കുറിച്ച് കൂടുതലറിയാനും ഗൾഫ് എയർ, ബി.ഐ.എ, ബഹ്റൈൻ ടൂറിസം & എക്സിബിഷൻസ് അതോറിറ്റി വെബ്സൈറ്റുകൾ വഴി ഹലോ ബഹ്റൈൻ ഫ്രീ സിറ്റി ടൂർ പേജുകൾ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.