മനാമ: ബഹ്റൈനിലെ ചരിത്രസ്മാരകമായ ഗ്രാൻഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയർ അഹ്മദ് അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ സന്ദർശിക്കാൻ ഞായറാഴ്ച അവസരം. ഏഴായിരം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മോസ്ക് ബഹ്റൈനിലെ ഏറ്റവും വലുതും ലോകത്തെ വലിയ മോസ്കുകളിലൊന്നുമാണ്. മോസ്കിന്റെ മകുടം നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ ഗ്ലാസ് മകുടമാണിത്. 1987ൽ ബഹ്റൈൻ ഭരണാധികാരിയായിരുന്ന ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയാണ് മോസ്ക് നിർമിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് ഓപൺ ഹൗസ്. പള്ളിയുടെ ഉള്ളിൽ കയറുന്നതിനും ഇസ്ലാമിക സംസ്കാരം അടുത്തറിയുന്നതിനും മുസ്ലിംകൾ അല്ലാത്തവർക്കും അവസരമുണ്ട്.
ഇസ്ലാമിക വാസ്തു കലാ ശിൽപരീതികൾ ഒത്തിണങ്ങിയ രാജ്യത്തെ വലിയ പള്ളിയാണ് അഹ്മദ് അൽ ഫാതിഹ് ഗ്രാൻഡ് മോസ്ക്. വിവിധ മതങ്ങളും വിശ്വാസങ്ങളും സംസ്കാരവും സമന്വയിക്കുന്നതെങ്ങനെയെന്ന് വിവരിച്ച് ജനങ്ങളിൽ സമത്വം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിനുപേർ വർഷംതോറും സംഘടിപ്പിക്കുന്ന ഓപൺ ഹൗസിൽ പങ്കെടുക്കാനെത്താറുണ്ട്. പൈതൃക-പാരമ്പര്യ കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ടുള്ള ആഭരണ-വസ്ത്ര-പ്രദർശനവും ഓപൺ ഹൗസിനോടനുബന്ധിച്ചുണ്ടാകും. സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ, അറേബ്യൻ ചായ, പുസ്തകപ്രദർശനം എന്നിവ ജനശ്രദ്ധയാകർഷിക്കാറുണ്ട്. ഇസ്ലാം മതത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയും നൽകും. പ്രവേശനം സൗജന്യമാണ്. 1998 മുതലാണ് ഗ്രാൻഡ് മോസ്ക്കിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു തുടങ്ങിയത്.
കഴിഞ്ഞവർഷം 22,000 പേർ സന്ദർശിച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ മതകാര്യ വിഭാഗം ഡയറക്ടർ ഡോ. അലി അൽ റയിസ് അറിയിച്ചു. 110 രാഷ്ട്രങ്ങളിൽനിന്നുള്ള പൗരന്മാരാണ് ഇവിടെ സന്ദർശനത്തിനെത്തിയത്. ഏറ്റവും കൂടുതൽ സന്ദർശകർ ഡിസംബറിലായിരുന്നു. 4834 പേരാണ് ഡിസംബറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.