അഡ്വ. വി.കെ. തോമസ്

സാമൂഹ്യ പ്രതിബദ്ധത കൈമുതലായ പ​ത്രം -അഡ്വ. വി.കെ. തോമസ്

രജതജൂബിലി ആഘോഷിക്കുന്ന ഗൾഫ്മാധ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മുമ്പോട്ടുള്ള പ്രയാണത്തിൽ എല്ലാ മംഗളങ്ങളും നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ. ബഹ്റൈനിൽ ഗൾഫ് മാധ്യമം പ്രസിദ്ധീകരണം തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ഞാൻ പത്രത്തിന്റെ വായനക്കാരനാണ്. പിന്നീട് പത്രവായന ദിനചര്യയായി മാറി. ഇവിടെയുണ്ടെങ്കിലെന്നും രാവിലെ ഗൾഫ്മാധ്യമം വായിച്ചതിനുശേഷമേ മറ്റു കാര്യങ്ങളിലേക്ക് കടക്കാറുള്ളൂ. നാട്ടിലെ മാത്രമല്ല, ലോക വാർത്തകളും വിശേഷങ്ങളുമെല്ലാം അറിയാൻ പത്രവായന വളരെ സഹായകമാണ്. വാർത്തകൾ മാത്രമല്ല വാർത്താ വിശകലനങ്ങളും അറിയിപ്പുകളും പത്രത്തെ സമ്പുഷ്ടമാക്കുന്നു.

ഇവിടെ പ്രവർത്തിക്കുന്ന അഭിഭാഷകനെന്ന നിലയിൽ എനിക്ക് മാധ്യമത്തോട് തീരാത്ത കടപ്പാടുണ്ട്. ഏതാണ്ട് 2006 മുതൽ എല്ലാ ശനിയാഴ്ചയും തൊഴിലാളികളുടെ പൊതുവായ നിയമപ്രശ്നങ്ങൾക്ക് പരിഹാരം തേടുവാൻ സഹായിക്കുന്ന എന്റെ ‘ഹെൽപ്ഡെസ്ക്’ എന്ന പംക്തി ഗൾഫ് മാധ്യമത്തിൽ തുടങ്ങി. നാടും വീടും ഉപേക്ഷിച്ച് തികച്ചും അപരിചിതമായ അന്തരീക്ഷത്തിൽ നാളിതുവരെ കാണാത്ത വ്യക്തികളുമായി ബന്ധ​പ്പെട്ട് മുൻ പരിചയമില്ലാത്ത ജോലികളിൽ ഏർപ്പെടേണ്ടിവരുന്ന പ്രവാസികൾക്ക് ഒരു ആശ്വാസമായി ആ പംക്തി ഇന്നും എല്ലാ ആഴ്ചയും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നത് വളരെ സന്തോഷകരമാണ്.അതുപോലെ 2014ൽ ഗൾഫ് മാധ്യമത്തിന്റെ പരിപൂർണ സഹായത്തോടെ എന്റെ ‘തൊഴിലാളിയുടെ കൈപ്പുസ്തകം’ ഇവിടത്തെ പ്രവാസികൾക്ക് സമർപ്പിക്കാൻ സാധിച്ചു. ബഹ്റൈനിൽ തൊഴിൽ തേടിയെത്തുന്ന എല്ലാ പ്രവാസികളും അവശ്യം അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ അടങ്ങിയ പുസ്തകം നാലു ഭാഷകളിലായി ഏതാണ്ട് 50000 കോപ്പികൾ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. ഇതൊക്കെ തെളിയിക്കുന്നത് ഗൾഫ് മാധ്യമത്തിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പ്രസിദ്ധീകരിക്കുകയും പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളിലും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുന്നു. അനുമോദിക്കുന്നു. ഒരിക്കൽ കൂടി എല്ലാ മംഗളാശംസകളും നേരുന്നു.

Tags:    
News Summary - Paper on Social Commitment - Adv. V.K. Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.