മനാമ: നാലു ദിവസത്തെ ബഹ്റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന കുർബാനയിൽ 28,000 പേർ പങ്കെടുക്കും. ബഹ്റൈനിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ക്രിസ്ത്യൻ വിശ്വാസികൾക്കായി 20,000 സീറ്റുകളാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും ലോകത്തിന്റെ ഇതര ഭാഗങ്ങളിൽനിന്നുമുള്ളവർക്കാണ് ശേഷിക്കുന്ന 8000 സീറ്റുകൾ.
നവംബർ മൂന്നു മുതൽ ആറു വരെയാണ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം. അഞ്ചിന് രാവിലെ 8.30ന് സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിശദമായ മാർഗനിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ടിക്കറ്റ്, രജിസ്ട്രേഷനുപയോഗിച്ച സി.പി.ആർ അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ കൈവശം കരുതണം. ടിക്കറ്റിന്റെ പകർപ്പ് എടുത്ത് സൂക്ഷിക്കുന്നതാണ് നല്ലതെന്ന് അധികൃതർ ഓർമിപ്പിച്ചു.
പ്രായമായവരും പ്രത്യേക പരിഗണന അർഹിക്കുന്നവരും ഒഴികെ എല്ലാവരും സ്വന്തം വാഹനത്തിലോ ടാക്സിയിലോ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) എത്തണം. ബി.ഐ.സിയിലെ സുരക്ഷ പരിശോധന കൗണ്ടർ പുലർച്ച രണ്ടിന് തുറക്കും. തിരക്കൊഴിവാക്കാൻ എല്ലാവരും കൃത്യസമയത്തുതന്നെ എത്താൻ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു. കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടത്തിയവർക്ക് ഗ്രീൻ, വൈറ്റ്, റെഡ്, ബ്ലൂ എന്നീ സോണുകളായി തിരിച്ചാണ് ടിക്കറ്റ് നൽകിയിരിക്കുന്നത്. ബി.ഐ.സിയിൽ എത്തുന്ന വിശ്വാസികൾ ഓരോ സോണിനും നിശ്ചയിച്ചിട്ടുള്ള സെക്യൂരിറ്റി കൗണ്ടറിലേക്ക് പോകണം.
വിശ്വാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ ബസ് പുലർച്ച മൂന്നിന് ബി.ഐ.സിയിലെ പാർക്കിങ് ഏരിയയിൽനിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. ഏഴിന് സ്റ്റേഡിയത്തിലെ ഗേറ്റ് അടക്കും. അതിനാൽ, വിശ്വാസികൾ പുലർച്ച അഞ്ചിനു മുമ്പുതന്നെ ബി.ഐ.സിയിൽ എത്തുന്നത് സൗകര്യപ്രദമായിരിക്കും. പ്രായമായവരും പ്രത്യേക പരിഗണന അർഹിക്കുന്നവരും അവരെ പരിചരിക്കുന്നവരും ടിക്കറ്റുമായി പോളിടെക്നിക് പാർക്കിങ്ങിലാണ് എത്തേണ്ടത്. സുരക്ഷ പരിശോധനക്കുശേഷം ഇവരെ പ്രത്യേക ബസുകളിൽ സ്റ്റേഡിയത്തിലെ നിശ്ചിത ഭാഗത്ത് എത്തിക്കും.
കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി www.sacredheartchurchbahrain.org, http://bahraincathedral.org എന്നീ വെബ്സൈറ്റുകളിൽ ഇപ്പോഴും രജിസ്ട്രേഷൻ തുടരുന്നുണ്ട്. കുർബാന പ്രാദേശിക ടി.വി ചാനലുകളിലും www.bahrainpapalvisit.org എന്ന വെബ്സൈറ്റിലും ഇംഗ്ലീഷിലും അറബിയിലും തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
1. ലൈറ്റർ, തീപ്പെട്ടി തുടങ്ങിയവ
2. മൂർച്ചയുള്ള വസ്തുക്കൾ, ആയുധങ്ങൾ
3. പടക്കങ്ങൾ, പുക ബോംബ്, സ്മോക്ക് പൗഡർ, പുകയുണ്ടാക്കുന്ന വസ്തുക്കൾ
4. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ
5. വംശീയതയോ വിഭാഗീയതയോ സൃഷ്ടിക്കുന്ന ബാനറുകൾ, ചിഹ്നങ്ങൾ, ലഘുലേഖകൾ, വസ്ത്രം തുടങ്ങിയവ
6. മൃഗങ്ങൾ
7. പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ബാനറുകൾ, ചിഹ്നങ്ങൾ, ലഘുലേഖകൾ
8. കുട്ടികളെ ഇരുത്തുന്ന കൈവണ്ടി
9. ഗാസ് സ്പ്രേ കാനുകൾ, തീപിടിക്കുന്ന വസ്തുക്കൾ തുടങ്ങിയവ
10. വലിയ അളവിലുള്ള പേപ്പറുകൾ, പേപ്പർ റോളുകൾ, ഏതു വലുപ്പത്തിലുമുള്ള ബലൂണുകൾ
11. മെഗാഫോണുകൾ, ഡ്രം, വലിയ ശബ്ദമുണ്ടാക്കുന്ന മറ്റ് ഉപകരണങ്ങൾ
12. ലേസർ പോയന്റർ
13. സ്വകാര്യ ആവശ്യത്തിന് ഒഴികെയുള്ള കാമറ, വിഡിയോ കാമറ തുടങ്ങിയവ
14. പരിപാടിയുടെ ദൃശ്യങ്ങളോ ശബ്ദമോ വിവരണമോ ഇന്റർനെറ്റ് മുഖേനയോ മറ്റു മാധ്യമങ്ങൾ വഴിയോ പ്രസിദ്ധീകരിക്കുന്നതിനുള്ള കമ്പ്യൂട്ടർ, മറ്റ് ഉപകരണങ്ങൾ
15. വലിയ തോതിൽ ഭക്ഷണം (ചെറിയ അളവിൽ ഭക്ഷണം അനുവദിക്കും. കൂടാതെ സീറ്റുകളിൽ ലഘുഭക്ഷണം ലഭ്യമാക്കുന്നതാണ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.