നാട്ടിൽ വസ്തു വിൽക്കാൻ പവർ ഓഫ് അറ്റോണി

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

എനിക്ക് നാട്ടിൽ ഒരു വസ്തു വിൽക്കാൻ പവർ ഓഫ് അറ്റോണി തയാറാക്കണം. അതിൽ നോട്ടറിയുടെ മുന്നിൽവെച്ച് ഒപ്പിടണമെന്ന് പറയുന്നു. ഇതിനുള്ള നടപടിക്രമങ്ങൾ പറഞ്ഞുതരുമോ?

അബൂബക്കർ

നാട്ടിലെ ആവശ്യത്തിനുള്ള പവർ ഓഫ് അറ്റോണിയിൽ ബഹ്റൈനിലെ എംബസി ഉദ്യോഗസ്ഥന്റെ മുന്നിൽവെച്ച് ഒപ്പ് രേഖപ്പെടുത്തിയാൽ മതി. എംബസി ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്യുന്ന ഒപ്പ് നാട്ടിൽ സ്വീകരിക്കും. നോട്ടറിയുടെ മുന്നിൽവെച്ച് ഒപ്പിടേണ്ട ആവശ്യമില്ല. അതുപോലെ, നാട്ടിൽനിന്ന് മുദ്രപ്പത്രത്തിൽ എല്ലാ വിവരങ്ങളും ചേർത്ത് പവർ ഓഫ് അറ്റോണി തയാറാക്കി ഇവിടെ കൊണ്ടുവരണം. അതാണ് എംബസിയിൽനിന്ന് അറ്റസ്റ്റ് ചെയ്യുന്നത്. എംബസിയിൽ പോകുമ്പോൾ ഒറിജിനൽ പവർ ഓഫ് അറ്റോണി, അതിന്റെ ഒരു പകർപ്പ്, ഒറിജിനൽ പാസ്പോർട്ട്, അതിന്റെ ഒരു പകർപ്പ്, താമസ വിസ എന്നിവയും കൊണ്ടുപോകണം. ഒമ്പതു ദീനാറാണ് എംബസി ഫീസ്. ഉടൻതന്നെ അറ്റസ്റ്റ് ചെയ്ത് തിരികെ ലഭിക്കും. എംബസിയിൽ രാവിലെ പോയി ടോക്കൺ എടുത്ത് വെയ്റ്റ് ചെയ്താൽ മതി. നാട്ടിൽ ഈ പവർ ഓഫ് അറ്റോണി രജിസ്റ്റർ ചെയ്യണം. വസ്തുവോ വീടോ വിൽക്കാനുള്ള പവർ ഓഫ് അറ്റോണി അടുത്ത ബന്ധുക്കൾക്കു മാത്രമേ നൽകാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ, പവർ ഓഫ് അറ്റോണി രജിസ്റ്റർ ചെയ്യാൻ നാട്ടിൽ സ്റ്റാമ്പ് ഡ്യൂട്ടി കൊടുക്കണം. നാട്ടിൽ ഈ വിവരങ്ങളൊക്കെ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷമേ പവർ ഓഫ് അറ്റോണി തയാറാക്കാവൂ.

ഞാൻ ഇവിടെ ഒരു കമ്പനിയിൽ മൂന്നു വർഷമായി ജോലി ചെയ്യുകയാണ്. തുടക്കത്തിൽ എല്ലാ അലവൻസുകളും ചേർത്ത് ഒരു തുകയാണ് ശമ്പളമായി നൽകിയിരുന്നത്. ശമ്പളമെന്നു മാത്രമാണ് കരാറിൽ എഴുതിയിരുന്നത്. കോവിഡ് സമയത്ത് എന്റെ സമ്മതത്തോടെ കമ്പനി കരാറിൽ മാറ്റംവരുത്തി അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും പ്രത്യേകമായി രേഖപ്പെടുത്തി. എല്ലാം ചേർത്ത് പഴയ ശമ്പളം തന്നെയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കമ്പനി കരാർ റദ്ദാക്കി. എന്റെ സെറ്റിൽമെന്‍റ് അടിസ്ഥാന ശമ്പളത്തിലാണ് കമ്പനി കണക്കാക്കുന്നത്. ഇത് ശരിയാണോ?

•മഹേഷ്

തൊഴിൽ നിയമപ്രകാരം അടിസ്ഥാന ശമ്പളത്തിലാണ് പിരിഞ്ഞുപോകുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ കണക്കാക്കുന്നത്. താങ്കളുടെ സമ്മതത്തോടെ കരാറിൽ മാറ്റംവരുത്തിയ സ്ഥിതിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല.

തൊഴിൽ കരാർ നിലവിലില്ലെങ്കിൽ തൊഴിലാളിക്ക് വിമാന ടിക്കറ്റ് നൽകാൻ കമ്പനിക്ക് ബാധ്യതയുണ്ടോ?

•സന്തോഷ്

താങ്കളും താങ്കളുടെ തൊഴിലുടമയും തമ്മിൽ ടിക്കറ്റിന്റെ കാര്യത്തിൽ വ്യവസ്ഥകൾ ഒന്നും ഇല്ലാത്തതുകൊണ്ട് നാട്ടിൽ പോകാനും തിരിച്ചുവരാനുമുള്ള ടിക്കറ്റ് ലഭിക്കാൻ അർഹതയില്ല. കാരണം, തൊഴിൽ നിയമത്തിൽ ടിക്കറ്റിന്റെ കാര്യം പറയുന്നില്ല. എൽ.എം.ആർ.എ നിയമപ്രകാരം തൊഴിൽ കരാർ റദ്ദാക്കുമ്പോൾ തൊഴിലാളിയെ നാട്ടിലേക്ക് തിരികെ അയക്കാൻ തൊഴിലുടമ ടിക്കറ്റ് കൊടുക്കണമെന്ന് വ്യവസ്ഥയുണ്ട്. തൊഴിൽ കരാർ ഇല്ലെങ്കിലും താങ്കളുടെ തൊഴിലുടമ വിസ തന്നതുകൊണ്ട് തൊഴിൽ നിയമവും എൽ.എം.ആർ.എ നിയമവും പാലിക്കണം. അതുകൊണ്ട്, താങ്കളുടെ വിസ റദ്ദാക്കി തിരിച്ചയക്കുകയാണെങ്കിൽ ടിക്കറ്റ് നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.