മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം എന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എൽ.സി ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സമൂഹത്തെ നിയമപരമായി ശാക്തീകരിക്കുന്നതിനായി പ്രയത്നിച്ച ബഹ്റൈൻ അഭിഭാഷകനായ അഡ്വ. താരിഖ് അൽ ഔനെ ചടങ്ങിൽ ആദരിച്ചു. പി.എൽ.സി ബഹ്റൈൻ ചാപ്റ്ററിന്റെ ന്യൂസ്ലെറ്റർ ‘ദി ബ്രിഡ്ജ് ’ സെക്കൻഡ് സെക്രട്ടറി ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.
ബംഗ്ലാദേശിലെയും നേപ്പാളിലെയും ശ്രീലങ്കയിലെയും പ്രവാസികൾക്കും പി.എൽ.സി ബഹ്റൈൻ ചാപ്റ്ററിന്റെ സേവനം ലഭ്യമാക്കുമെന്ന് ചടങ്ങിൽ പ്രഖ്യാപനം നടത്തി. കൂടുതൽ ആളുകളിലേക്ക് പി.എൽ.സിയുടെ സേവനങ്ങൾ എത്തിക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്ന് ബഹ്റൈൻ തൊഴിൽമന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി പറഞ്ഞു. എക്സ്പാറ്റ് കമ്യൂണിറ്റി നൽകിവരുന്ന സേവനങ്ങൾ മഹനീയമാണെന്നും അവരുടെ ഉന്നമനത്തിനായി വേണ്ട കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുവേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എൽ.സി സ്ഥാപകനും ഗ്ലോബൽ പ്രസിഡന്റുമായ അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ബൊക്കാമസ്, തൊഴിൽ മന്ത്രാലയം സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി, വിവിധ എംബസി പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും സന്നിഹിതരായിരുന്നു.
പി.എൽ.സി ഗവേണിങ് കൗൺസിൽ അംഗങ്ങളായ സുഷമ ഗുപ്ത, എ. ടോജി, ഫ്രാൻസിസ് കൈതാരത്ത്, ശ്രീജ ശ്രീധരൻ, മണികണ്ഠൻ ജി, സെന്തിൽ കുമാർ, ജയ് ഷാ, വിനോദ് നാരായണൻ, ഹരിബാബു, ഗണേഷ് മൂർത്തി, സുബാഷ് തോമസ്, ശർമിഷ്ഠ ഡേയ്, രാജി ഉണ്ണികൃഷ്ണൻ, അഡ്വ. ഇന്ദു രാജേഷ്, സ്പന്ദന കിഷോർ, രമൻപ്രീത് പ്രവീൺ എന്നിവരെയും ആദരിച്ചു. പ്രവാസികളും നിയമപ്രശ്നങ്ങളും എന്ന നിയമ സംവാദ പരിപാടിയുടെ നാലാംഭാഗം തുടർന്ന് നടന്നു. അഭിഭാഷകരായ ജോസ് എബ്രഹാം, മാധവൻ കല്ലത്ത്, താരിഖ് അൽ ഔൻ എന്നിവർ സംശയങ്ങൾക്ക് മറുപടിനൽകി. മുതിർന്ന മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ സംവാദം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.