മനാമ: പ്രവാസ മേഖലയിലെ വിദ്യാർഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്യാർഥി വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 26ന് നടക്കും.
നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിയാണ് ഉദ്ഘാടനകർമം നിർവഹിക്കുന്നത്. തുടർന്ന്, പ്രഫ. എസ്. ഇരുദയരാജൻ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ലീഗൽ സെൽ വിദ്യാർഥി വിഭാഗം ഗ്ലോബൽ കോഓഡിനേറ്റർ സുജ സുകേശൻ, ഗ്ലോബൽ വക്താവും പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത്, പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിക്കും.
അടുത്തകാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർഥികൾ കടുത്ത ചൂഷണങ്ങൾക്കും മറ്റും വിധേയരാകുന്ന സാഹചര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വിദ്യാർഥി വിഭാഗം രൂപവത്കരിച്ചത്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികൾക്കുവേണ്ട സഹായം നൽകുന്നതോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഏതാനും മാസംമുമ്പ് കേരള ഹൈകോടതിയെ സമീപിച്ചിരുന്നു.
ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് ഏതാനം ദിവസംമുമ്പ് കേരള സർക്കാർ സ്പെഷൽ ടാസ്ക്ഫോഴ്സ് ഉൾപ്പെടെയുള്ള നടപടികൾ വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ സ്വീകരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.