മനാമ: ഖത്തറുമായുള്ള ബന്ധം വിേഛദിച്ച സാഹര്യത്തിൽ ബഹ്റൈനിൽ നിന്ന് ഖത്തർ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതിർത്തി ലംഘിക്കുന്ന പക്ഷം പിടിയിലാകാനോ, വെടിയുതിർക്കാനോ ഉള്ള സാധ്യത നിലനിൽക്കുന്നതിനാലാണിത്.ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ശേഷം സതേൺ മുനിസിപ്പൽ കൗൺസിൽ അടിയന്തര യോഗം ചേർന്നിരുന്നു. കൗൺസിലാണ് ഇൗ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലാളികൾ പിടിക്കപ്പെട്ടാൽ, നയതന്ത്ര ബന്ധമില്ലാത്ത സ്ഥിതിക്ക് അവരുടെ മോചനവും മറ്റും വലിയ ബുദ്ധിമുട്ടാകുമെന്ന് കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരി പ്രാദേശിക പത്രത്തോട് പറഞ്ഞു.
ബഹ്റൈെൻറ പരിധിയിലാണ് മത്സ്യബന്ധനം നടത്തുന്നതെങ്കിൽ പോലും അതിർത്തിയിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നതാണ് നല്ലത്.അല്ലാത്ത പക്ഷമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താകുമെന്ന് പറയാനാകില്ല. ബഹ്റൈൻ അതിർത്തിയിൽ നിന്ന് മത്സ്യബന്ധനം നടത്തുന്ന വേളയിൽ ഖത്തർ കോസ്റ്റ് ഗാർഡ് തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത സംഭവം മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാനുള്ള കരുതൽ വേണം. മുമ്പ് തൊഴിലാളികൾ പിടിയിലായ ഘട്ടങ്ങളിൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് അവരുടെ മോചനം ഉറപ്പിക്കാനായത്.
ഇപ്പോൾ ഏതെങ്കിലും ഘട്ടത്തിൽ അവർ പിടിയിലായാൽ, പ്രതിസന്ധി തീരാതെ ഒന്നും നടക്കാൻ സാധ്യതയില്ല. പലപ്പോഴും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പുകൾ ഗൗരവകരമായി കാണാറില്ലെന്ന് അൽ അൻസാരി പറഞ്ഞു. ഖത്തർ ഭാഗത്തേക്കുള്ള ഒട്ടുമിക്ക കടൽ മാർഗങ്ങളും സതേൺ ഗവർണറേറ്റിൽ നിന്നാണ്. അതുകൊണ്ടാണ് തൊഴിലാളികളോട് ഇക്കാര്യം അഭ്യർഥിക്കുന്നത്. ഇൗ വിഷയത്തിൽ തൊഴിലാളികൾക്ക് മതിയായ മതിയായ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകണമെന്ന് അവരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പത്തെ അവസ്ഥയല്ല നിലനിൽക്കുന്നത് എന്ന കാര്യം അവർ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ-ഖത്തർ അതിർത്തി സംബന്ധിച്ച 2001ലെ അന്താരാഷ്ട്ര കോടതി ഉത്തരവിന് ശേഷം നിരവധി ബഹ്റൈനി മത്സ്യബന്ധന തൊഴിലാളികളെ അതിർത്തി ലംഘിച്ചുവെന്ന് പറഞ്ഞ് ഖത്തർ കോസ്റ്റ് ഗാർഡ് പിടികൂടിയിട്ടുണ്ട്.
2010മേയിൽ ബഹ്റൈനിൽ നിന്ന് പോയ 46 മത്സ്യബന്ധന തൊഴിലാളികൾക്കുനേരെ ഖത്തർ വെടിവെപ്പ് നടത്തിയിരുന്നു. ഇതിൽ പലർക്കും പരിക്കേൽക്കുകയും ചെയ്തു. ഇവർ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിെൻറ ഇടപെടലിനെ തുടർന്നാണ് മോചിതരായത്. എല്ലാ ആഴ്ചയും ചുരുങ്ങിയത് 18പേരെങ്കിലും കടലിൽ നിന്ന് പിടിയിലാകുന്നുണ്ടെന്ന് 2013ൽ ഖത്തർ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.