മനാമ: റമദാന് മുന്നോടിയായി നിർധനരായ 4000 കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ബഹ്റൈൻ റെഡ് ക്രസന്റ് സൊസൈറ്റി (ബി.ആർ.സി.എസ്). അരി, പഞ്ചസാര, എണ്ണ തുടങ്ങി 13 ഭക്ഷ്യ വസ്തുക്കളടങ്ങിയ 4000 പെട്ടികളാണ് ഇതിനായി സജ്ജമാക്കുന്നത്.
കാമ്പയിനിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് ഞങ്ങളുടെ സോഷ്യൽ സർവിസ് കമ്യൂണിറ്റിയുടെ അന്വേഷണങ്ങൾക്കൊടുവിൽ തീർത്തും അർഹരായ 4000 കുടുംബങ്ങൾക്കാണ് സഹായമെത്തിക്കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി മുബാറക് അൽ ഹാദി മാധ്യമങ്ങളോട് പറഞ്ഞു.
കാമ്പയിനിലൂടെ നിർധനരായ കുടുംബങ്ങൾക്ക് ചെറിയ രീതിയിൽ തന്നെയെങ്കിലും സഹായകരമാകും. കാമ്പയിൻ തടസ്സങ്ങളില്ലാതെ തുടരുന്നതിനായി ബി.ആർ.സി.എസിന്റെ വളന്റിയർമാർ സജ്ജരാണ്. ഇതിലൂടെ യുവാക്കളിൽ സഹായത്തിന്റെയും സേവനത്തിന്റെയും മനോഭാവം വളർത്താൻ സൊസൈറ്റിക്ക് കഴിയാറുണ്ടെന്നും അൽ ഹാദി പറഞ്ഞു.
കഴിഞ്ഞ 40 വർഷങ്ങളായി സൊസൈറ്റി സഹായഹസ്തവുമായി രംഗത്തുണ്ട്. എല്ലാ റമദാനിലും ഭക്ഷ്യവസ്തുക്കൾ ആവശ്യക്കാരിലെത്തിക്കാൻ സൊസൈറ്റി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമ്പയിനെക്കുറിച്ച് കൂടുതലറിയാനും സഹായങ്ങൾ എത്തിക്കാനും ബി.ആർ.സി.എസിയുടെ വെബ്സൈറ്റായ www.rcsbahrain.org സന്ദർശിക്കുകയോ 17293171 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.