മലബാറിന്റെ മൊഞ്ചത്തിയായ മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശമായ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് എന്ന പ്രദേശത്തായിരുന്നു എന്റെ കുട്ടിക്കാലം. പളപള മിന്നുന്ന തട്ടമിട്ട ഇത്താത്തമാരുടെ വീടുകൾക്ക് നടുവിലാണ് എന്റെ വീട്.
റമദാനിലെ 30 ദിവസവും ഞങ്ങൾ കുട്ടികൾക്ക് ആഘോഷമായിരുന്നു. ഒരുമാസം സ്കൂൾ അവധിയായിരുന്നു ആദ്യ സന്തോഷം. ഉച്ചവരെ കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടിനടന്ന് ഉച്ചകഴിഞ്ഞാൽ പിന്നെ കാത്തിരിപ്പാണ്, അവരുടെ കൂടെ നോമ്പുതുറ സമയത്തെ ബാങ്ക് വിളി കേൾക്കാൻ. എല്ലാ വൈകുന്നേരങ്ങളിലും ഓരോരോ ഇത്താത്തമാർ കൊണ്ടുവരുന്ന പത്തിരിയും ഇറച്ചിച്ചാറും പഴങ്ങളും തരിക്കഞ്ഞിയും എല്ലാമായി എന്റെ വീട്ടിലെ അടുക്കള നിറയും. ഇതൊക്കെ നേരത്തേ വീട്ടിലെത്തുമ്പോൾ കൊതിവരാറുണ്ടെങ്കിലും അതെല്ലാം അടക്കിപ്പിടിച്ച് ഞാനും കാത്തിരിക്കും, നോമ്പുതുറ സമയത്തിനായി.
ചില ദിവസങ്ങളിൽ ഞാൻ മമ്മിയോട് പറഞ്ഞ് ഇത്താത്തമാർ ഉണ്ടാക്കുന്ന പത്തിരിയും ഇറച്ചിച്ചാറും ഉണ്ടാക്കിക്കും. എന്തുകൊണ്ടോ മമ്മിയുടെ ഇറച്ചിച്ചാർ കറങ്ങിത്തിരിഞ്ഞ് അച്ചായത്തി സ്റ്റൈൽ ആയിപ്പോകും. ഇതിന്റെ മണവും രുചിയും ഒന്നും ഇങ്ങനെയല്ല എന്ന് പറഞ്ഞ് ഞാൻ മമ്മിയോട് വഴക്കുകൂടുന്ന കാര്യം ഓർക്കുമ്പോൾ ചിരിനിർത്താൻ പറ്റുന്നില്ല.
നോമ്പിന്റെ അവസാന ദിവസങ്ങൾ എത്തുമ്പോൾ പിന്നെയുള്ള കാത്തിരിപ്പ് കൂട്ടുകാർക്കൊപ്പം മാസപ്പിറവി കണ്ടു എന്ന വാർത്ത കേൾക്കാനായിരുന്നു. വിചാരിച്ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കിൽ പിന്നെ ഞങ്ങൾ കുട്ടികൾക്കൊക്കെ സങ്കടമാണ്, നാളെ പെരുന്നാൾ അല്ലല്ലോ...
അങ്ങനെ പിറ്റേദിവസം പെരുന്നാൾ തലേരാത്രി ആണ്. ഇനിയാണ് ഞങ്ങൾ കുട്ടികളുടെ ആഘോഷങ്ങൾ. പ്രധാന ചടങ്ങ് മൈലാഞ്ചിയിടലാണ്. പ്രത്യേകരീതിയിൽ ചക്കഅരക്ക് കൈവെള്ളയിൽ തേച്ചുപിടിപ്പിച്ച് അതിനു ഇടയിലൂടെ ആണ് മൈലാഞ്ചി ഭംഗിയായി ഇട്ടിരുന്നത്. ഓരോ ചുറ്റുവട്ടത്തും ഉണ്ടാകും മൈലാഞ്ചി ഇടുന്നതിൽ വിദഗ്ധയായ ഒരു ഇത്താത്ത. എല്ലാവരും ചക്കഅരക്കും മൈലാഞ്ചി അരച്ചതുമായി ഇത്താത്തക്കരികിലേക്കു ഓടും. അതു കാണുമ്പോ ഇത്താക്ക് അൽപം നെഗളിപ്പ് കൂടും. കൂട്ടത്തിൽ പെരുത്ത് സന്തോഷവും ഉണ്ടാകും. അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ എല്ലാവരുടെയും കൈകൾ മൈലാഞ്ചി മൊഞ്ചാകും.
അങ്ങനെ നേരം പുലരുമ്പോൾ പെരുന്നാൾ സുദിനം വന്നെത്തും. രാവിലത്തെ ആദ്യ കർമം പ്രത്യേക പെരുന്നാൾ കുളിയാണ്. അന്നത്തെ ദിവസം എന്റെ വീടിന്റെ പരിസരത്തുകൂടി ഒഴുകുന്ന പുഴ ഒരു എണ്ണപ്പുഴയായി മാറും. കാരണം കുട്ടികളെയെല്ലാം ഒരു എണ്ണത്തോണിയിൽ എന്നപോലെ എണ്ണ പിടിപ്പിച്ചാണ് കുളിപ്പിക്കാൻ കൊണ്ടുപോകുന്നത്. കുളിയെല്ലാം കഴിഞ്ഞു വന്ന് പെരുന്നാൾ കോടി ഇടുന്ന ചടങ്ങാണ്. എല്ലാരും പുതിയ ഉടുപ്പൊക്കെ അണിഞ്ഞ് എന്നെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടിലേക്കു വരും. എന്റെ വീട്ടിൽ എനിക്കും മേടിക്കുമായിരുന്നു പെരുന്നാൾ കോടി. എല്ലാവരുടെയും കൈയിൽ ഉണ്ടാകും കുറച്ചു പൈസ. പെരുന്നാളിന് ഇഷ്ടപ്പെട്ട വല്ലതും കടയിൽ കണ്ടാൽ മേടിക്കാനായി വീട്ടുകാർ തന്നിരുന്നതാണ്. അതുമായി ഞങ്ങൾ കുട്ടികൾ തൊട്ടടുത്തുള്ള കടയിൽ പോയി ഓരോന്നൊക്കെ വാങ്ങിക്കൂട്ടും. ഞങ്ങൾ പെൺകുട്ടികൾ കുപ്പിവളകൾ വാങ്ങുമ്പോൾ ആൺകുട്ടികൾ വാങ്ങിച്ചിരുന്നത് പൊട്ടാസ് ഇട്ടു പൊട്ടിക്കുന്ന തോക്ക് ആയിരുന്നു. അങ്ങനെ സൊറയെല്ലാം പറഞ്ഞ് ഉച്ചയോടടുക്കുമ്പോൾ ഓരോ വീട്ടിൽനിന്നും പേരെടുത്ത് അവരുടെ വീട്ടുകാർ ഉറക്കെ വിളിക്കും. കൂട്ടത്തിൽ എല്ലാവരും ഒരു പേര് അധികമായും വിളിക്കും. അത് വേറാരുമല്ല, ഞാൻ തന്നെയാണ്. 'പോരുമ്പോ ഓളേംപാടെ കൂട്ടിക്കോണ്ടിട്ടോ ഇജ്ജ്'(വരുമ്പോൾ നീ അവളെയും കൂട്ടി കൊണ്ടുവരണം) എന്ന് പറയും. എന്നാൽ എന്നെ ആദ്യം ചോറുണ്ണാൻ കൊണ്ടുപോകാൻ ഒരു മത്സരംതന്നെ നടത്തുമായിരുന്നു എന്റെ കൂട്ടുകാർ. അവസാനം വിശപ്പ് സഹികെടുമ്പോൾ തൊട്ടടുത്ത് ഏതു വീടാണോ ആ വീട്ടിലേക്ക് ഓടിപ്പോകും.
തേങ്ങാച്ചോറും കൂടെ ബീഫ് വരട്ടിയതും തരിക്കഞ്ഞിയും ആയിരുന്നു കൂടുതലും പെരുന്നാൾ സ്പെഷൽ. അതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. ആ ദിനങ്ങൾ ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാമായിരുന്നിട്ടും, ഇപ്പോഴും ഓരോ റമദാൻ കടന്നുപോകുമ്പോഴും വെറുതെ ഓർമകളിലേക്കൊന്നു എത്തിനോക്കും. അതൊരു സുഖമുള്ള ഓർമച്ചെപ്പാണ് എന്നുമെൻ ഹൃദയത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.