മനാമ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണി ക്രമാനുഗതമായി വളരുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യ പകുതിയിൽ ഇടപാടുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയാണ് (എസ്.എൽ.ആർ.ബി) റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 54,26,43,611 ദീനാറിന്റെ ഇടപാടുകളാണ് നടന്നത്. രണ്ടാം പാദത്തിൽ 29,96,18,639 ദീനാറിന്റെ ഇടപാടുകളും നടന്നു.
ഈ വർഷം ആറു മാസത്തിനുള്ളിൽ 13,397 ഇടപാടുകൾ നടന്നതായും കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 11 ശതമാനം കൂടുതലാണിതെന്നും എസ്.എൽ.ആർ.ബി പ്രസിഡന്റും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ.ഇ.ആർ.എ) ബോർഡ് ചെയർമാനുമായ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കോവിഡിനുമുമ്പുള്ള കാലത്തെക്കാൾ വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വില്ലകളേക്കാൾ കുടുതൽ അപ്പാർട്മെന്റുകളുടെ വിൽപനയാണ് നടന്നത്. പ്രോപ്പർട്ടി വിലയിൽ വന്ന കുറവും ഇടപാടുകൾ കൂടാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
റീട്ടെയിൽ മേഖലയിൽ വാടക നിരക്കുകളിൽ മാറ്റം കാണുന്നില്ല. വാടക ഇടപാടുകളിലും വർധന കാണുന്നുണ്ട്. രണ്ടാം പാദത്തിൽ ഇടപാടുകളുടെ എണ്ണം 0.6 ശതമാനം വർധിച്ച് 6,175 ആയി ഉയർന്നു. അടുത്തിടെ രാജ്യത്ത് നിയമങ്ങളിലുണ്ടായ മാറ്റങ്ങളും ഇടപാടുകൾ വർധിക്കുന്നതിന് കാരണമായി. വിദേശികൾക്ക് രാജ്യത്ത് സ്വത്ത് വാങ്ങുന്നത് അടുത്തകാലത്ത് എളുപ്പമാക്കിയിരുന്നു. ഈ വർഷം ആദ്യപാദത്തിൽ രാജ്യത്തെ ഭൂമി ഇടപാടുകളിലുണ്ടായ വർധന അതിന്റെ പ്രതിഫലനമാണെന്ന് സാമ്പത്തിക വിദഗ്ധർക്കിടയിൽ അഭിപ്രായമുണ്ട്. സ്ട്രാറ്റ ലോ, ഫ്രീഹോൾഡ് സോൺ, ഗോൾഡൻ റെസിഡൻസി വിസ പദ്ധതി എന്നിവ ഇനിയും ഭൂമി ഇടപാടുകളിൽ വർധനയുണ്ടാക്കിയേക്കും.
മെഗാ പ്രോജക്ടുകൾക്ക് ഗോൾഡൻ ലൈസൻസ് നൽകുന്നത് രാജ്യവികസനത്തിലെ നാഴികക്കല്ലായി മാറുമെന്ന് ആർ.ഇ.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കിയിരുന്നു. സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് ഉൾപ്പെടെ നിക്ഷേപകർക്ക് വിപുലമായ ആനുകൂല്യങ്ങളാണ് ഗോൾഡൻ ലൈസൻസ് വഴി ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ഭൂമിയിടപാടുകളിൽ ക്രമാനുഗതമായ വർധന കാണുന്നുണ്ട്. ഇത് രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയുടെ ഉദാഹരണമാണെന്നും പറയുന്നു.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വേഗമേറിയ സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷം ബഹ്റൈനിലുണ്ടായതെന്ന് ഐ.എം.എഫ് റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വിജയകരമായി നടത്തിയ പ്രവർത്തനങ്ങളും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുദ്ദേശിച്ച് നടത്തിയ പാക്കേജും ഫലം കണ്ടെന്ന് ഐ.എം.എഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ്-19ന് ശേഷം സാമ്പത്തിക മേഖല, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, ഉൽപാദനം, പൊതുമേഖല എന്നിവയിൽ രാജ്യത്തുണ്ടായ വിപുലീകരണമാണ് വളർച്ചക്കു കാരണമായത്.
കഴിഞ്ഞവർഷം 4.9 ശതമാനം വളർച്ചയാണ് സാമ്പത്തിക രംഗത്തുണ്ടായത്. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനവും (ജി.ഡി.പി) വളർച്ച രേഖപ്പെടുത്തി. പെട്രോളിയം ഇതര മേഖല 6.2 ശതമാനം വളർച്ച നേടി. പെട്രോളിയം മേഖലയുടെ വളർച്ച 1.4 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങൾ, ഉയർന്ന എണ്ണവില എന്നിവമൂലം സംസ്ഥാന ബജറ്റ് കമ്മി ഗണ്യമായി കുറഞ്ഞു. 2021ൽ കമ്മി 6.4 ശതമാനമായിരുന്നെങ്കിൽ 2022ൽ ജി.ഡി.പിയുടെ 1.2 ശതമാനമായി കുറഞ്ഞു. മൊത്തത്തിലുള്ള ധനക്കമ്മി ജി.ഡി.പിയുടെ 11 ശതമാനത്തിൽനിന്ന് 6.1 ശതമാനമായും കുറച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.