മനാമ: സങ്കീർണ്ണമായ ലോക സാഹചര്യങ്ങളിൽ മനുഷ്യ സ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും സമാധാനത്തിന്റെയും ഉദാത്ത ഭാവങ്ങളാണ് ബഹ്റൈൻ ഭരണാധികാരികൾ ലോകത്തിന് പകർന്നുകൊടുക്കുന്നത്. ഇന്ത്യൻ പ്രവാസി സമൂഹത്തോടുള്ള ഹമദ് രാജാവിന്റെയും രാജ കുടുംബത്തിന്റെയും, കരുതലിനും സ്നേഹത്തിനും വാൽസല്യത്തിനും അതിരുകളില്ല. എല്ലാ വർഷവും ദീപാവലിയോടനുബന്ധിച്ച് ബഹ്റൈനിൽ താമസിക്കുന്ന പ്രമുഖ ഇന്ത്യൻ വ്യവസായ കുടുംബങ്ങളെ സന്ദർശിച്ച് ദീപാവലി ആശംസകൾ അറിയിക്കാൻ രാജകുടുംബം എത്തുന്നത് ഈ കരുതലിന്റെ തെളിവാണ്.
രാജ്യം തുടർന്നുവരുന്ന സമാധാനപരമായ സഹവർതിത്വത്തിന്റെയും സഹിഷ്ണുതയുടേയും ഭാഗമാണ് ഈ സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകൾ. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളുടെ ഇഴയടുപ്പം നാൾക്കുനാൾ വർധിക്കുന്നതിന് പ്രവാസലോകം സാക്ഷികളാണ്. ഇന്ത്യൻ പ്രവാസി സമൂഹത്തെ ചേർത്തുനിർത്താനും പരിപാലിക്കാനും എന്നും ബഹ്റൈൻ ഭരണാധികാരികൾ ശ്രദ്ധിച്ചിട്ടുണ്ട്. മൂല്യാധിഷ്ഠിതവും പ്രചോദനാത്മകവുമായ പ്രവൃത്തികളിലൂടെ, ക്രിയാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തരായ, മികവുറ്റ ഭരണാധികാരികളാണ് ബഹ്റൈൻ രാജ്യത്തെ ഉത്തരോത്തരം പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
അവരുടെ കരുതലിന് പാത്രമാകാൻ കഴിയുന്നു എന്നതിൽ പ്രവാസികൾ ഭാഗ്യവാന്മാരാണ്. പ്രവാസികളുടെ ഏത് ആഘോഷങ്ങളെയും ഉൽസവങ്ങളെയും അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും അവയിൽ പങ്കാളികളാകുകയും ചെയ്യുന്ന ഭരണാധികാരികൾ സഹിഷ്ണുതയുടെയും മത സൗഹാർദ്ദത്തിന്റെയും പുതിയ പുതിയ അനുഭവങ്ങളാണ് ഓരോ ദിവസവും നൽകിക്കൊണ്ടിരിക്കുന്നത്. ദീപാവലി, ഈദ്, ക്രിസ്മസ്, ഓണം എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ ആഘോഷങ്ങളും ഉത്സാഹത്തോടെയാണ് രാജ്യത്ത് കൊണ്ടാടപ്പെടുന്നത്. ജാതി, മത, സമുദായ, മത വ്യത്യാസമില്ലാതെ ഓരോ പൗരനും ആഘോഷത്തിൽ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.
ഈ ദീപാവലിക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഈസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനും ലേബർ ഫണ്ട് (തംകീൻ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ശൈഖ് ഈ സ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും നിരവധി ഇന്ത്യൻ കുടുംബങ്ങളെ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും മലയാളിയുമായ പമ്പാവാസൻ നായരുടെ ഭവനത്തിൽ സന്ദർശനം നടത്തിയ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, അദ്ദേഹത്തിനും കുടുംബത്തിനും ഊഷ്മളമായ ആശംസ അറിയിക്കുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. രാജ്യത്തെ ഭരണാധികാരികളുടെ സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും ഉദാത്തഭാവമാണ് ഈ സന്ദർശനത്തിലൂടെ പ്രകാശിക്കപ്പെട്ടതെന്ന് പമ്പാവാസൻ നായർ പറഞ്ഞു. ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സ്വാഗതം ചെയ്യാൻ കഴിഞ്ഞതിലൂടെ ഈ ദീപാവലി സവിശേഷമായ ഒന്നായി മാറി. തന്റെ വിലപ്പെട്ട സമയമാണ് അദ്ദേഹം ചെലവഴിച്ചത്.
ഇന്ത്യൻ സമൂഹത്തോടുള്ള രാജകുടുംബത്തിന്റെ സ്നേഹത്തിന്റെ അടയാളമായാണ് ഈ സന്ദർശനത്തെ കാണുന്നതെന്നും ജീവിതത്തിലെ അവിസ്മരണീയവും അനുഗ്രഹീതവുമായ നിമിഷങ്ങളായിരുന്നു അതെന്നും പമ്പാവാസൻ നായർ പറഞ്ഞു. പമ്പാവാസൻ നായരുടെ വസതിയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ കാബിനറ്റ് കാര്യ മന്ത്രി ഹമദ് അൽ മാലികി, ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി, കിരീടാവകാശിയുടെ പ്രസിഡന്റ് ഓഫ് കോർട്ട് ശൈഖ് സൽമാൻ ബിൻ അഹമ്മദ് ആൽ ഖലീഫ, തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ, നോർത്തേൺ ഗവർണർ അലി ബിൻ അൽ ശൈഖ് അബ്ദുൾഹുസൈൻ അൽ അസ്ഫൂർ , ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറിമാരായ ഇഹ്ജാസ് അസ്ലം, രവികുമാർ ജെയിൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.