മനാമ: ഇ-കോമേഴ്സ് മേഖല വികസിക്കുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം. ഈ ദിശയിലുള്ള ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയം ഇ-കോമേഴ്സ് മേഖലയിലെ ഉപഭോക്താക്കളൂടെ സംതൃപ്തി വിലയിരുത്തുന്നതിനായി സർവേ നടത്തിയിരുന്നു. സർവേ റിപ്പോർട്ട് കഴിഞ്ഞദിവസം മന്ത്രാലയത്തിന്റെ വെബ്സൈറ്റായ https://www.moic.gov.bh/en ൽ പ്രസിദ്ധീകരിച്ചിരുന്നു.
മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഈ സർവേ ലഭ്യമാണ്. ഇ-കോമേഴ്സ് മേഖലയിലെ ഉപഭോക്താക്കളുമായി പരാതികളും നിരീക്ഷണങ്ങളും സ്വീകരിക്കുന്നത് ഇനിയും തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. മേൽപറഞ്ഞ വെബ്സൈറ്റിലൂടെ ഉപഭോക്താക്കൾക്ക് പരാതി രേഖപ്പെടുത്താവുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങളൂം നിർദേശങ്ങളൂം മനസ്സിലാക്കി നയങ്ങളും നിയമങ്ങളും വികസിപ്പിക്കുക, ആശയവിനിമയം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തിനുള്ളത്. കോവിഡിനുശേഷം ഇ-കോമേഴ്സ് ഇടപാടുകളുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഓൺലൈൻ ഇടപാടുകൾ വർധിക്കുമ്പോൾ തട്ടിപ്പുകളും അതിനനുസരിച്ച് കൂടുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.ഉപഭോക്താക്കളുടെ അവകാശങ്ങളെകുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നത് ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കുമെന്ന് മന്ത്രാലയം കരുതുന്നു. ഓൺലൈൻ ഇടപാടുകൾ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
ഔദ്യോഗിക ഏജൻസികൾ എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിദേശികളെ ചൂഷണം ചെയ്യുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിദേശത്തുനിന്നുമാണ് തട്ടിപ്പുകാർ ഇത്തരം ശ്രമങ്ങൾ നടത്തുന്നത് എന്നതിനാൽ പെട്ടെന്ന് നടപടിയെടുക്കാൻ കഴിയുന്നില്ല. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിലൂടെ പങ്ക് വെക്കാതിരിക്കുന്നതാണ് സുരക്ഷിതമെന്ന മുന്നറിയിപ്പാണ് സർക്കാർ ഏജൻസികൾ നൽകുന്നത്. ഫോണിലൂടെ വിവരങ്ങൾ തേടാറില്ലെന്ന് സർക്കാർ ഏജൻസികൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ ബോധവത്കരിക്കുന്നത് തട്ടിപ്പുകളിൽനിന്ന് അവരെ രക്ഷിക്കാൻ സഹായകരമാണെന്ന് മന്ത്രാലയം കരുതുന്നു.
മനാമ: ആരോഗ്യവകുപ്പിന്റെ ‘ബി അവയർ’ ആപ്പിന്റെ മറവിൽ തട്ടിപ്പ് നടത്താൻ ശ്രമമെന്ന് പരാതി. കഴിഞ്ഞദിവസം കോവിഡ് പോസിറ്റിവായ മലയാളിയാണ് ഇതു സംബന്ധിച്ച് പരാതിപ്പെട്ടത്. കോവിഡ് റിസൽട്ട് പോസിറ്റിവാണെന്ന് ആശുപത്രിയിൽനിന്ന് പറഞ്ഞതിനെത്തുടർന്ന് മരുന്നുകളുമായി മടങ്ങുകയായിരുന്നു.
വീട്ടിലെത്തി കുറച്ചുസമയത്തിനുശേഷം നിങ്ങൾക്ക് കോവിഡ് ആണെന്നും പുതിയ ‘ബി അവയർ’ ആപ്പിന്റെ ലിങ്ക് അയക്കുകയാണെന്നും അതിൽ ക്ലിക്ക് ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരാൾ ഫോൺ ചെയ്യുകയായിരുന്നു. അതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒ.ടി.പി വരുമെന്നും അത് പറഞ്ഞു തരണമെന്നുമായിരുന്നു ആവശ്യം. ലിങ്കിൽ ക്ലിക്ക് ചെയ്തെങ്കിലും ഒ.ടി.പി പറഞ്ഞുകൊടുത്തില്ല. ഹോസ്പിറ്റലിൽ പോയി അധികൃതരോട് സംസാരിച്ചോളാം എന്ന് പറഞ്ഞപ്പോൾ വിളിച്ചയാൾ ഫോൺ കട്ട് ചെയ്തു.
എന്നാൽ, വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടതിനാൽ വാട്സ്ആപ് നമ്പർ പിന്നീട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ബഹ്റൈൻ സൈബർ ഡിപ്പാർട്ട്മെന്റിൽ പരാതി നൽകിയിട്ടുണ്ട്. ഒ.ടി.പി പറഞ്ഞുകൊടുത്തവർക്ക് പണം നഷ്ടമായതായി പരാതിയുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. ഗൂഗിൾ േപ്ലയിലുടെ അല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതും അപകടകരമാണ്. ഫോണിൽ വരുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഒ.ടി.പിയോ വ്യക്തിഗത വിവരങ്ങളോ ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.