ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതുതായി പ്രവേശനം തേടുന്നവർ ചില പ്രധാനരേഖകൾ കരുതണം. കുട്ടിയുടെ ടി.സി, മാർക്ക് ലിസ്റ്റ് (അപ്പോസ്റ്റിൽ ചെയ്തത്), ജനന സർട്ടിഫിക്കറ്റ്, നാട്ടിൽനിന്ന് നിശ്ചിത സമയങ്ങളിലെ വാക്സിനുകൾ സ്വീകരിച്ച സർട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ, കുട്ടിയുടെയും മാതാപിതാക്കളുടെയും പാസ്പോർട്ട്, വിസ, സി.പി.ആർ എന്നിവയാണ് പുതുതായി പ്രവേശനം തേടുന്നവർ സമർപ്പിക്കേണ്ട രേഖകൾ. ടി.സി വാങ്ങുമ്പോൾ ഏത് സ്കൂളിലേക്കാണ് മാറുന്നത് എന്ന കോളത്തിൽ ഒന്നും രേഖപ്പെടുത്താതിരിക്കുകയോ 'എബ്രോഡ്'എന്ന് ചേർക്കുകയോ ആവാം. സ്കൂളിന്റെ പേര് എഴുതേണ്ടതില്ല.
ബഹ്റൈനിലെ ഒരു സ്കൂളിൽനിന്ന് ബഹ്റൈനിലെ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്. ഇതിനായി രക്ഷിതാവ് ഒരു ഇ-കീ നേടണം. തുടർന്ന് bahrain.bh എന്ന വെബ്സൈറ്റിൽ education and Students എന്ന ലിങ്കിൽ പ്രവേശിച്ച് Submit Student's School Transfer Request എന്ന വിഭാഗം തെരഞ്ഞെടുത്ത് അപേക്ഷ നൽകാം.
സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ നൽകുമ്പോൾ പേഴ്സനൽ നമ്പർ, ബ്ലോക്ക് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അല്ലാത്തപക്ഷം അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.
ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ നാട്ടിൽനിന്നുള്ള ടി.സി, യഥാർഥ മാർക്ക് ലിസ്റ്റ് (അപ്പോസ്റ്റിൽ ചെയ്തത്), കുട്ടിയുടെ പാസ്പോർട്ട്, സി.പി.ആർ എന്നിവയുടെ പകർപ്പ് എന്നീ രേഖകൾ ആവശ്യമാണ്. ബഹ്റൈനിലുള്ള അധ്യാപകർ, എൻജിനീയർമാർ എന്നിവർ തങ്ങളുടെ പ്രഫഷനൽ രജിസ്ട്രേഷന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് പ്ലസ് ടു (അല്ലെങ്കിൽ പ്രീഡിഗ്രി) യോഗ്യതയുടെ തുല്യത സർട്ടിഫിക്കറ്റ് നേടണം. ഇതിന് തൊഴിലുടമയുടെ സമ്മതപത്രവും ആവശ്യമാണ്.
സ്കൂളുകളിൽ വ്യത്യസ്ത നിരക്കിലുള്ള ഫീസുകളാണ് ഈടാക്കുന്നത്. ചില സ്കൂളുകൾ എൽ.കെ.ജി മുതൽ 10ാം ക്ലാസ് വരെ ഒരേ ഫീസ് ഈടാക്കുമ്പോൾ മറ്റ് ചിലയിടങ്ങളിൽ ക്ലാസ് മാറുന്നതിനനുസരിച്ച് ഫീസിലും മാറ്റം വരും. ചില സ്കൂളുകൾ വിദ്യാർഥികളിൽനിന്ന് കോഷൻ ഡെപ്പോസിറ്റും വാങ്ങുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.