മനാമ: ‘‘പ്രണയത്തിന് കാലമോ സമയമോ മുൻകൂർ അനുവാദമോ ആവശ്യമില്ല, അത് വാങ്ങാനും വിൽക്കാനും കിട്ടുന്ന കച്ചവടവസ്തുവല്ല,
ഹൃദയം സ്നേഹത്തിന്റെ തടവറയാണ്, പ്രണയം മോഹങ്ങളുടെ തീക്കനലാണ്.....’’ ബഹ്റൈൻ രാജകുമാരൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ രചിച്ച കവിതയിലെ വരികളാണിത്. പ്രണയം തുളുമ്പുന്ന വരികൾ. ഈ ഗാനമിപ്പോൾ യുട്യൂബിൽ ട്രെൻഡിങ്ങാണ്.
കുതിരയോട്ടത്തിൽ ലോക ചാമ്പ്യനായ ശൈഖ് നാസറിന് ലോകമൊട്ടാകെ ആരാധകരുണ്ട്. കാവ്യഗുണം നിറഞ്ഞ കവിതയെന്നാണ് നിരവധിപേർ കമന്റായി രേഖപ്പെടുത്തിയിട്ടുള്ളത്. പ്രശസ്ത സൗദി ഗായകൻ മാജിദ് അൽ മൊഹൻദിസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബഹ്റൈനിയായ അഹമ്മദ് അൽ ഹറാമിയാണ് സംഗീതം. ബഹ്റൈൻ സംഗീതജ്ഞൻ സൈറസാണ് സംവിധാനം നിർവഹിച്ചത്. നാലു ദിവസം കൊണ്ട് പതിനേഴ് ലക്ഷം പേർ വിഡിയോ കണ്ടുകഴിഞ്ഞു.
മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ പ്രതിനിധികൂടിയാണ് ശൈഖ് നാസർ. അദ്ദേഹത്തിന്റെ മക്കളും കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.
ബഹ്റൈനിലെ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന യങ് റൈഡേഴ്സ് കുതിരയോട്ട മത്സരത്തിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും മക്കളും പങ്കെടുത്ത് ശ്രദ്ധ നേടിയിരുന്നു. ബഹ്റൈൻ റോയൽ ഇക്വസ്റ്റേറിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻ ഓണററി പ്രസിഡന്റുകൂടിയാണ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.