മനാമ: പ്രവാസികളോടുള്ള കേരള സർക്കാറിന്റെ നിഷേധാത്മക സമീപനം തിരുത്തണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ. ഒ.ഐ.സി.സി കോഴിക്കോട് മിഡിലീസ്റ്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 2022-23 സാമ്പത്തിക വർഷം പ്രവാസികൾക്കുവേണ്ടി നീക്കിവെച്ച ബജറ്റ് വിഹിതം 147 കോടി രൂപയാണ്. എന്നാൽ, അതിൽ ചെലവഴിച്ചത് കേവലം 71.88 കോടി രൂപ മാത്രമാണ്. പകുതി തുക പോലും ചെലവഴിക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനുവേണ്ടി 25 കോടി രൂപ നീക്കിവെച്ചെങ്കിലും 12 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. പ്രവാസികളുടെ ഭവന പദ്ധതിക്കുവേണ്ടിയുള്ള ഒരു കോടി രൂപയിൽ നയാപൈസ പോലും ചെലവഴിച്ചില്ല. എയർപോർട്ടിലെ എമർജൻസി ആംബുലൻസ് സർവിസിനുവേണ്ടി മാറ്റിവെച്ച 60 ലക്ഷം രൂപയിൽ 39 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.
പ്രവാസികളുടെ കാര്യത്തിൽ വലിയ രീതിയിലുള്ള താളപ്പിഴയാണ് സംഭവിച്ചിരിക്കുന്നത്. പ്രവാസികളുടെ സർഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്ലോബൽ കൾച്ചറൽ ഫെസ്റ്റിനുവേണ്ടി ഓരോ വർഷവും വലിയൊരു തുക നീക്കിവെക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു പൈസ പോലും ചെലവഴിക്കുന്നില്ല. പ്രവാസി ക്ഷേമത്തിനുവേണ്ടി നീക്കിവെക്കുന്ന ബജറ്റ് വിഹിതം കൃപ്രഖ്യാപനങ്ങൾ മാത്രമാണ്. ബജറ്റിൽ നീക്കിവെക്കുന്ന തുക അതത് സാമ്പത്തിക വർഷം തന്നെ കൃത്യമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത പ്രവാസികാര്യ വകുപ്പിനും അതിന്റെ മേൽനോട്ടത്തിനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുമാണ്. ഇത് നിർവഹിക്കുന്നതിൽ വകുപ്പും മുഖ്യമന്ത്രിയും പരാജയപ്പെട്ടു എന്നാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവാസമേഖലയുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. നിയമസഭയിൽ ഈ വിഷയം കോൺഗ്രസും യു.ഡി.എഫും ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം നിയാസ്, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മനാമ: രണ്ടാം പിണറായി സർക്കാർ ജനങ്ങളെ സമ്പൂർണമായി വിസ്മരിച്ച് ഭരണകൂട താൽപര്യങ്ങൾ അടിച്ചേൽപിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ടി. സിദ്ദീഖ് എം.എൽ.എ. അവസാനത്തെ ഉദാഹരണമാണ് കേരള ബജറ്റ്. മോദി ഒരു പോക്കറ്റടിക്കാരനാണെങ്കിൽ പിണറായി വിജയൻ പിടിച്ചുപറിക്കാരന്റെ റോളിലാണ് ജനങ്ങളോട് പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത്രയധികം ജനദ്രോഹ സമീപനം സ്വീകരിച്ച ഒരു ബജറ്റ് കേരളത്തിന്റെ ഭരണചരിത്രത്തിൽ ഇതിന് മുമ്പുണ്ടായിട്ടില്ല.
ബജറ്റ് ചർച്ച നടക്കുന്ന സമയത്ത് വെള്ളക്കരം കൂട്ടി. വൈദ്യുതി നിരക്കും ഭൂ നികുതിയും വീട്ടുകരവും വർധിപ്പിച്ചു. പെട്രോൾ-ഡീസൽ വില കേന്ദ്രം വർധിപ്പിച്ചതു വഴി 5000 കോടി രൂപയാണ് കേരള സർക്കാറിന് അധികമായി കിട്ടിയത്. യു.ഡി.എഫ് സർക്കാർ അധിക നികുതി വേണ്ടെന്നുവെച്ചപ്പോൾ എൽ.ഡി.എഫ് സർക്കാർ അതിന് തയാറായില്ല. മാത്രമല്ല, സെസ് രൂപത്തിൽ ലിറ്ററിന് രണ്ടു രൂപ വീതം അധിക ഭാരം ചുമത്തുകയും ചെയ്തു.
ഒരുഭാഗത്ത് നികുതി വർധനവിന് നേതൃത്വം നൽകുകയും മറുഭാഗത്ത് ദാക്ഷിണ്യമില്ലാതെ കൊലയാളികളെ സംരക്ഷിക്കുന്നതിന് കേസ് നടത്താൻ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണ്. ഇത്രയും ലജ്ജാകരമായ രീതിയിൽ പൊതുഖജനാവിനെ ദുരുപയോഗം ചെയ്ത സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഈ സർക്കാറിനെതിരെ വലിയ സമരമാണ് കേരളത്തിൽ കോൺഗ്രസും പോഷക സംഘടനകളും യു.ഡി.എഫും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.