മനാമ: പാരിസ് ഒളിമ്പിക്‌സിൽ ബഹ്റൈന് വീണ്ടും മെഡൽ തിളക്കം. വനിതകളുടെ 400 മീറ്ററിൽ സൽവ ഈദ് നാസർ വെള്ളി നേടി. 48.53 സെക്കൻഡാണ് സൽവയുടെ സമയം. 48.17 ഓടിയെത്തി ഡൊമിനിക്ക റിപ്പബ്ലികിന്റെ മരിലിഡി പൗളിനോ ഒന്നാമതായി. 48.98ൽ ഫിനിഷ് ചെയ്ത പോളണ്ടിന്റെ നതാലിയ കാസ്മറെക് വെങ്കലം നേടി. തന്റെ രണ്ടാം ഒളിമ്പിക്‌സിലാണ് സൽവ മെഡൽ നേട്ടം കൈവരിച്ചത്. 2016ലെ റിയോയിലും അവർ രാജ്യത്തെ പ്രതിനിധാനം ചെയ്തെങ്കിലും സെമി കടക്കാനായില്ല. നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ ചാമ്പ്യനായ സൽവ 26കാരിയാണ്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ വിൻഫ്രെഡ് യാവിയിലൂടെയാണ് ബഹ്റൈൻ ആദ്യ മെഡൽ നേടിയത്. ഒളിമ്പിക് ഗെയിംസിന്‍റെ ചരിത്രത്തിൽ ബഹ്‌റൈന്റെ മൂന്നാമത്തെ സ്വർണമായിരുന്നു യാവിയുടേത്.
2012ൽ ലണ്ടനിൽ വനിതകളുടെ 1500 മീറ്ററിൽ മറിയം യൂസുഫ് ജമാലും 2016ൽ റിയോയിൽ റൂത്ത് ജെബെറ്റും സ്വർണം നേടിയിരുന്നു. രാജ്യത്തിന്റെ അഞ്ചാമത്തെ ഒളിമ്പിക് മെഡൽ കൂടിയാണിത്. ടോക്യോയിൽ വനിതകളുടെ 10,000 മീറ്ററിൽ കൽക്കിഡൻ ഗെസാഹെഗ്‌നെ വെള്ളിയും റിയോയിൽ വനിതകളുടെ മാരത്തണിൽ യൂനിസ് കിർവ വെങ്കലവും കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.