ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഒരു വിദേശ തൊഴിലാളിക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭിക്കുന്നത്?- സന്തോഷ് കുമാർ
• എല്ലാ വിദേശ തൊഴിലാളികൾക്കും സോഷ്യൽ ഇൻഷുറൻസിന്റെ രണ്ട് വകുപ്പുകൾ പ്രകാരമുള്ള ഇൻഷുറൻസ് സംരക്ഷണമാണ് ലഭിക്കുന്നത്. ഒന്ന്, തൊഴിലിനിടയിൽ സംഭവിക്കുന്ന അപകടങ്ങൾക്കുള്ള സംരക്ഷണം. രണ്ട്, തൊഴിലില്ലായ്മക്കുള്ള സംരക്ഷണം.
സോഷ്യൽ ഇൻഷുറൻസിൽ നൽകിയിട്ടുള്ള ശമ്പളത്തിന്റെ നാല് ശതമാനമാണ് മാസന്തോറും ഓരോ തൊഴിലാളിയുടെയും വിഹിതമായി തൊഴിലുടമ അടക്കേണ്ടത്. മൂന്ന് ശതമാനം തൊഴിലുടമയുടെ വിഹിതവും ഒരു ശതമാനം തൊഴിലാളിയുടെ വിഹിതവുമാണ്. തൊഴിലിനിടെയുണ്ടാകുന്ന അപകടങ്ങൾക്കുള്ള ഇൻഷുറൻസിന്റെ വിഹിതമാണ് മൂന്ന് ശതമാനം. തൊഴിലില്ലായ്മക്കുള്ള ഇൻഷുറൻസിന്റെ വിഹിതമാണ് ഒരു ശതമാനം. ഇത് തൊഴിലാളിയാണ് നൽകേണ്ടത്. ജോലി സമയത്ത് ഉണ്ടാകുന്ന അപകടങ്ങൾക്ക് സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
1. തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സ സമയത്തെ മുഴുവൻ ശമ്പളം.
2. ചികിത്സ അല്ലെങ്കിൽ അതിനുള്ള മുഴുവൻ ചെലവ്.
3. അംഗവൈകല്യം സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം. അംഗവൈകല്യത്തിന്റെ തോത് അനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. മെഡിക്കൽ കമീഷൻ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.
നഷ്ടപരിഹാരം കണക്കാക്കുന്നത് സോഷ്യൽ ഇൻഷുറൻസിൽ കാണിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്. വിദേശ തൊഴിലാളിക്ക് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ഒരു നിശ്ചിത തുക ഒന്നിച്ചാണ് ലഭിക്കുക.
4. മരണം സംഭവിച്ചാൽ നഷ്ടപരിഹാരം ഒരു നിശ്ചിത തുകയാണ് ലഭിക്കുക.
5. ഡെത്ത് ഗ്രാന്റ് (ആറ് മാസത്തെ ശമ്പളം).
6. മൃതദേഹം സംസ്കരിക്കാനുള്ള ചെലവ്. ഈ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ആറ് മാസം ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്തിരിക്കണം.
അപകടങ്ങളിൽ പരിക്ക് പറ്റിയാൽ 24 മണിക്കൂറിനകം അപകടം നടന്നതിനടുത്തുള്ള പൊലീസ് സ്റ്റേഷനിലും സോഷ്യൽ ഇൻഷുറൻസിലും വിവരം അറിയിക്കണം. തൊഴിലില്ലായ്മക്കുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ ചില നിബന്ധനകൾ പാലിച്ചിരിക്കണം. സാധാരണ വിദേശ തൊഴിലാളികൾക്ക് അത് മുഴുവൻ ലഭിക്കാൻ പ്രയാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.