മനാമ: ഇന്ത്യൻ എംബസി ബഹ്റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന 'സ്പെക്ട്ര 2020' ആർട്ട് കാർണിവൽ ഡിസംബർ 11ന് നടക്കും. കുട്ടികൾക്കിടയിൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ആർട്ട് കാർണിവൽ ബഹ്റൈനിലെ വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ കലാമത്സരമാണ്.
കോവിഡ് സാഹചര്യത്തിൽ ഓൺലൈനിലൂടെയാണ് 'ഫേബർ കാസിൽ സ്പെക്ട്ര 2020' കാർണിവൽ നടത്തുന്നതെന്ന് െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് മത്സരം. പങ്കെടുക്കുന്ന കുട്ടികളെ അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വരെ, പതിനൊന്ന് മുതൽ പതിനാല് വരെ, പതിനാല് മുതൽ പതിനെട്ട് വരെ എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സ്കൂളുകൾ മുഖേനയാണ് കുട്ടികളുടെ രജിസ്ട്രേഷൻ നടത്തിയത്. കൂടാതെ 18 വയസ്സിന് മുകളിലുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ട്.
പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിങ് പേപ്പറും മെറ്റീരിയലുകളും നൽകും. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിങ് ട്രോഫിയും സമ്മാനിക്കും. ഈ വർഷത്തെ മത്സരത്തിൽ 15 സ്കൂളുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, അൽ നൂർ ഇൻറർനാഷനൽ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ ഹൈത്തം ഇസ്ലാമിക് സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, അൽ മഹ്ദ് ഡേ ബോർഡിങ് സ്കൂൾ, ക്വാളിറ്റി എജുക്കേഷൻ സ്കൂൾ, ഹവാർ ഇൻറർനാഷനൽ സ്കൂൾ, എ.എം.എ ഇൻറർനാഷനൽ സ്കൂൾ,ന്യൂ സിഞ്ച കിൻറർഗാർട്ടൻ എന്നിവയാണ് പെങ്കടുക്കുന്ന സ്കൂളുകൾ.
കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021ൽ രൂപകൽപന ചെയ്യുന്ന വാൾ കലണ്ടറുകളിലും ഡെസ്ക് ടോപ് കലണ്ടറുകളിലും പ്രസിദ്ധീകരിക്കും. ഫേബർ കാസിൽ ബഹ്റൈൻ, അൽ നമൽ ഗ്രൂപ്, ലുലു ഗ്രൂപ്, അൽ നൂർ ഇൻറർനാഷനൽ സ്കൂൾ, മുഹമ്മദ് അഹമ്മദ് കമ്പനി, ബി.കെ.ജി ഹോൾഡിങ്, വിൻസ് ടെക്നോളജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അൽ ഹിലാൽ ആശുപത്രി, എൽ.ഐ.സി ഇൻറർനാഷനൽ, മുഹമ്മദ് ജലാൽ ആൻഡ് സൺസ്, സി.എ ചാപ്റ്റർ ബഹ്റൈൻ, ബഹ്റൈൻ ഫിനാൻസിങ് കമ്പനി, പി ഹരിദാസ് ആൻഡ് സൺസ്, അമാദ് ഗ്രൂപ്, പാലസ് ഇലക്ട്രോണിക്സ്, ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറൻറ്, ഷിഫ അൽ ജസീറ ആശുപത്രി, ജെ.എ സയാനി ആൻഡ് സൺസ് എന്നിവരാണ് സ്പോൺസർമാർ.
മത്സരത്തിൽ നിന്നുള്ള വരുമാനം കുടുംബക്ഷേമ ഫണ്ടിലേക്കാണ് പോവുക. ബഹ്റൈനിൽ മരണമടഞ്ഞ, പ്രതിമാസം 100 ദിനാറിൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഇത് ഉപയോഗിക്കുക. ഭഗവാൻ അസർപോത, ഡോ. ബാബു രാമചന്ദ്രൻ, പങ്കജ് നല്ലൂർ, റോസലിൻ റോയ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.