മനാമ: ബഹ്റൈൻ സ്പോർട്സ് ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ജനങ്ങൾക്കിടയിൽ കായിക അവബോധം വളർത്തുന്നതിൽ ദിനാചരണം മുഖ്യ പങ്ക് വഹിച്ചതായി യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി പറഞ്ഞു. ആരോഗ്യം, കായികവിനോദം എന്നിവക്കാണ് ബഹ്റൈൻ കായികദിനാചരണം മുൻതൂക്കം നൽകുന്നത്. ഏതു പ്രായത്തിലുള്ളവരാണെങ്കിലും കായികപരിപാടികൾക്ക് പ്രധാന സ്ഥാനമാണുള്ളതെന്ന് അവർ ഓർമിപ്പിച്ചു.
മന്ത്രാലയത്തിലെ ജീവനക്കാർ സംഘടിപ്പിച്ച കായികദിനാചരണത്തിലും യുവജനകാര്യ മന്ത്രി പങ്കുചേർന്നു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിൽ നടന്ന കായികദിനാചരണത്തിന് മന്ത്രി മുഹമ്മദ് ബിൻ തമർ അൽ കഅബി നേതൃത്വം നൽകി. വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ജോലിയിൽ കൂടുതൽ ഉൽപാദനക്ഷമത കൈവരിക്കാൻ അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലും കായികദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിക്കാൻ സ്ഥിരമായ വ്യായാമം ആവശ്യമാണെന്ന് ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സഈദ് പറഞ്ഞു. ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കായികദിനാചരണത്തിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈൻ പോളിടെക്നിക് കാമ്പസ്, ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേൾസ് ആൻഡ് ജെംസ്റ്റോൺസ് (ദാനാത്) എന്നിവിടങ്ങളിലും കായികദിന പരിപാടികൾ സംഘടിപ്പിച്ചു.
മനാമ: ബഹ്റൈൻ കായികദിനാചരണത്തോടനുബന്ധിച്ച് ന്യൂ മില്ലേനിയം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒമ്പത്, 11 ഗ്രേഡുകളിലെ വിദ്യാർഥികളും ജീവനക്കാരും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരമായിരുന്നു ശ്രദ്ധേയ ഇനം. വിദ്യാർഥികളുടെ ടീം 5-4 എന്ന സ്കോറിന് വിജയം കൈവരിച്ചു.
വടംവലി മത്സരം ഉൾപ്പെടെ വിവിധ കായിക മത്സരങ്ങളും അരങ്ങേറി. ബഹ്റൈന്റെ ദേശീയ കായിക വിനോദങ്ങളെക്കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ജീവിതത്തിൽ സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ അരുൺ കുമാർ ശർമ സംസാരിച്ചു. കായികദിനാചരണം വൻ വിജയമാക്കാൻ സഹകരിച്ച വിദ്യാർഥികളെയും അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീത പിള്ള എന്നിവർ കായിക ദിനാചരണത്തിൽ പങ്കെടുത്ത ജീവനക്കാരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു.
മനാമ: ബഹ്റൈൻ കായികദിനത്തോടനുബന്ധിച്ച് അൽനൂർ ഇന്റർനാഷനൽ സ്കൂൾ കായികമേള സംഘടിപ്പിച്ചു. വിവിധ സെക്ഷനുകളിലെ സ്കൗട്ട്സ്, ഗൈഡ്സ് എന്നിവരുടെ കായിക പരിപാടികളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിദ്യാർഥിനി ഹബീബ ഹാസിം അവതാരകയായ പരിപാടിയിൽ ദേശീയഗാനം, പതാക വന്ദനം, വിശുദ്ധ ഖുർആൻ പാരായണം എന്നിവയും നടത്തി.
അനുദിന ജീവിതത്തിൽ കായികപരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥി യൂസുഫ് ഹിഷാം പ്രഭാഷണം നടത്തി. കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും എടുത്തുപറഞ്ഞു. സ്പോർട്സും ആരോഗ്യവും എന്ന വിഷയത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റും അരങ്ങേറി. ‘സ്പോർട്സും ആരോഗ്യവും’ എന്ന വിഷയത്തെക്കുറിച്ച് ഫാദൽ അബ്ബാസ് ഇലക്ട്രോണിക് അവതരണം നടത്തി. തുടർന്ന് വിദ്യാർഥികൾ നയിച്ച ക്വിസ് മത്സരം നടന്നു. സ്കൂൾ കാമ്പസിനു ചുറ്റുമുള്ള നടത്തം, വിവിധ ഫീൽഡ് ഇനങ്ങൾ തുടങ്ങിയവയിൽ 5000ത്തോളം വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.