മനാമ: ഭക്ഷണവിതരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാണെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്രോ പറഞ്ഞു. ഫുഡ് ഡെലിവറി സേവനങ്ങൾ വാണിജ്യ, മുനിസിപ്പാലിറ്റി വകുപ്പുകളുടെ മാനദണ്ഡങ്ങളുടെയും സുരക്ഷാ നിയമങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കണം നടത്തേണ്ടത്. ഫുഡ് ഡെലിവറി സർവിസ് കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനെക്കുറിച്ചുള്ള ശൂറ കൗൺസിൽ അംഗം ഡോ. ബസ്സം ആൽബിൻ മുഹമ്മദിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. ഭക്ഷണവിതരണ കമ്പനികൾക്ക് മുനിസിപ്പൽ വിലാസം നിർബന്ധമാണ്. ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കണം.
ഭക്ഷണവിതരണക്കാരെന്ന വ്യാജേന ചിലർ മോഷണം നടത്തുന്നതായ വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. യൂനിഫോം ധരിച്ച് മോട്ടോർ ബൈക്കിലെത്തുന്ന ഇവർ ഡെലിവറി ബോയ്സാണെന്നാണ് അവകാശപ്പെടുന്നത്. ഭക്ഷണവിതരണക്കാർ ജനവാസ കേന്ദ്രങ്ങളിൽ ഒത്തുകൂടുന്നത് ആളുകളിൽ ഭീതി ജനിപ്പിക്കുന്നതായി കൗൺസിലർമാർ പറഞ്ഞു. എല്ലാ ഡ്രൈവർമാരും ഐഡന്റിറ്റി ബാഡ്ജ് ധരിക്കാൻ ഉത്തരവിടണം. ഭക്ഷണം മുതൽ പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ അടക്കം കടകളും സൂപ്പർമാർക്കറ്റുകളും റസ്റ്റാറന്റുകളും കഫേകളും ഹോം ഡെലിവറി നടത്തുന്നുണ്ട്. കോവിഡ് കാലത്തിനുശേഷം ഹോം ഡെലിവറി മേഖലയിൽ കാര്യമായ വർധനവുണ്ടായി.
ഹോം ഡെലിവറിക്ക് മോട്ടോർ ബൈക്കുകളും പഴയ കാറുകളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സതേൺ മുനിസിപ്പൽ കൗൺസിൽ നേരത്തേ നിർദേശിച്ചിരുന്നു. ഡെലിവറി ബൈക്ക് യാത്രക്കാർക്ക് പ്രവേശനം നിരോധിക്കുന്ന റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. പ്രധാന ഹൈവേകളിൽ സ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിയമലംഘകരിൽനിന്ന് കനത്ത പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. എമർജൻസി പാതയിലൂടെയും മറ്റു വാഹനങ്ങൾക്കിടയിലൂടെയും അലക്ഷ്യമായി ബൈക്കുകൾ ഓടിക്കുന്ന ഭക്ഷണ വിതരണക്കാർ വലിയ അപകടം വരുത്തിവെച്ചിരുന്നു.
കാൽനടക്കാർക്കുള്ള ലൈനുകൾ മുറിച്ചുകടന്നും എതിർ ദിശയിൽ സഞ്ചരിച്ചും ബൈക്കുകൾ അപകടസാഹചര്യം സൃഷ്ടിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു. റെഡ് സിഗ്നലുകൾ അവഗണിക്കുക, വേഗപരിധി ലംഘിക്കുക, നടപ്പാതകളിൽ വാഹനമോടിക്കുക, ഓവർടേക്ക് ചെയ്യുക, റൈഡിങ്ങിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുക എന്നീ നിയമലംഘനങ്ങൾക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഭക്ഷണവിതരണക്കാരുടെ നിയമലംഘനം വ്യാപകമാകുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിയമലംഘനം വ്യാപകമായതിനെത്തുടർന്ന് അത്തരം ഡെലിവറി ബൈക്കുകൾ പിടിച്ചെടുക്കാൻ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.