മനാമ: ബഹ്റൈനിൽ വർഷംതോറും 95 ദശലക്ഷം ദീനാറിന്റെ ഭക്ഷണസാധനങ്ങൾ പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്. ഓരോരുത്തരും 132 കിലോ വീതം ഭക്ഷണസാധനങ്ങളാണ് വർഷം തോറും പാഴാക്കുന്നത്. മൊത്തം 2,30,000 ടൺ ഭക്ഷണവസ്തുക്കളാണ് ഇത്തരത്തിൽ പാഴാക്കുന്നത്.
അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് റിപ്പോർട്ട് ചർച്ചക്കെടുത്തത്. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജീവിതശൈലി രൂപപ്പെടുത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.എൻ പരിസ്ഥിതി വിഭാഗത്തിന് കീഴിൽ രണ്ട് ശിൽപശാലകളാണ് യൂനിവേഴ്സിറ്റിയിൽ നടന്നത്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് നടന്ന ശിൽപശാലയിലാണ് രാജ്യത്ത് പാഴാക്കുന്ന ഭക്ഷണ വസ്തുക്കളുടെ കണക്ക് യു.എൻ പരിസ്ഥിതി പദ്ധതി പശ്ചിമേഷ്യ റീജനൽ കോഓഡിനേറ്റർ താരിഖ് അൽ ഖോരി അവതരിപ്പിച്ചത്.
ലോകത്ത് മൊത്തം 931 ദശലക്ഷം ടൺ ഭക്ഷ്യവസ്തുക്കളാണ് 2019ൽ പാഴാക്കിയത്. അറബ് രാജ്യങ്ങളിൽ 40 ദശലക്ഷം ടണ്ണിന് മുകളിലാണ് പാഴാക്കിയതെന്നും കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണത്തിന്റെ അമിതോപയോഗം നിയന്ത്രിക്കുന്നതിനും പാഴാക്കൽ തടയുന്നതിനും കൃത്യമായ അവബോധം ആവശ്യമാണെന്ന് അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റിയിലെ പ്രകൃതിവിഭവ, പരിസ്ഥിതി വകുപ്പ് മേധാവി ഡോ. സുമയ്യ യൂസുഫ് പറഞ്ഞു.
സ്മാർട്ട് പർച്ചേസും ശരിയായ ഉപഭോഗവും പ്രകൃതിക്കിണങ്ങുന്ന ഉൽപന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സാധനങ്ങളും ടിന്നിലടച്ച ഭക്ഷണവസ്തുക്കളും ഒഴിവാക്കേണ്ടതുണ്ടെന്നും അവ വാങ്ങുന്നതിന് മുമ്പായി ഉപയോഗ യോഗ്യ തീയതി ഉറപ്പാക്കേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.