മനാമ: ഈദുൽ ഫിത്റിനോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈനിലെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കാബിനറ്റ് ആശംസകൾ നേർന്നു. സമാധാനവും സന്തോഷവും കളിയാടുന്ന സുദിനങ്ങളായി ഈദ് ദിനങ്ങൾ മാറട്ടെയെന്നും ആശംസിച്ചു.
സുഡാനിൽ അർധസൈനിക വിഭാഗവും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ മന്ത്രിസഭ, എത്രയും പെട്ടെന്ന് അവിടെ സമാധാനം സ്ഥാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ബുദ്ധിപരമായും നയതന്ത്രപരമായും വിഷയം പരിഹരിക്കാനും നിരപരാധികളുടെ രക്തം ചിന്തുന്നത് ഒഴിവാക്കാനും സാധിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആവശ്യമായ പുനഃസംഘാടനം നടത്താനുള്ള നിർദേശം കാബിനറ്റ് അംഗീകരിച്ചു. പാർലമെന്റിൽനിന്നുള്ള നാലു നിർദേശങ്ങൾക്കുള്ള മറുപടി കാബിനറ്റ് അംഗീകരിച്ചു.
ഖത്തർ, ബഹ്റൈൻ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാംവട്ട ചർച്ചയുടെ ഫലങ്ങൾ കാബിനറ്റിൽ അവതരിപ്പിച്ചു. യു.എൻ മാനദണ്ഡങ്ങളും കരാറുകളും പാലിച്ചായിരിക്കും വീണ്ടും ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം സ്ഥാപിതമാവുക. ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.