മനാമ: ബഹ്റൈനും ബ്രസീലും തമ്മിൽ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനം. ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോയുടെ ദ്വിദിന ബഹ്റൈൻ സന്ദർശനത്തിനൊടുവിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വ്യാപാര, നിക്ഷേപ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉഭയകക്ഷിബന്ധം വിപുലപ്പെടുത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2021ൽ രണ്ടു ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈനിലേക്ക് ഏറ്റവുമധികം സാധനങ്ങൾ വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ബ്രസീൽ മാറും. ഉഭയകക്ഷി വ്യാപാരം കൂടുതൽ വിപുലപ്പെടുത്താനുള്ള സാധ്യതകൾ ബ്രസീൽ പ്രസിഡൻറും രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള മാർഗങ്ങളും കണ്ടെത്തും. ബ്രസീലിലെയും ബഹ്റൈനിലെയും സെൻട്രൽ ബാങ്കുകൾ തമ്മിൽ ഒപ്പുവെച്ച ധാരണപത്രത്തെ ഇരുവരും സ്വാഗതം ചെയ്തു. ബഹ്റൈെൻറ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ബ്രസീലിലെ കാർഷിക മേഖലയുടെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിൽ കൂടുതൽ സഹകരിക്കുന്നതിനും തീരുമാനിച്ചു. ബ്രസീലിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ കൂടുതലായി എത്തിക്കുന്നതിന് ആരോഗ്യവകുപ്പുകൾ തമ്മിൽ സംഭാഷണത്തിനുള്ള സംവിധാനമൊരുക്കും.
പ്രതിരോധ മേഖലയിലെ സഹകരണത്തിന് കരാറിൽ ഒപ്പുവെക്കാനുള്ള താൽപര്യവും ഇരു നേതാക്കളും പ്രകടിപ്പിച്ചു. മേഖലയിൽ സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി ബഹ്റൈനും ഇസ്രായേലും തമ്മിൽ അബ്രഹാം ഉടമ്പടി ഒപ്പുവെച്ചതിനെ ബ്രസീൽ പ്രസിഡൻറ് സ്വാഗതം ചെയ്തു.
സംസ്കാരം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, സ്പോർട്സ് എന്നീ മേഖലകളിൽ ബ്രസീലും ബഹ്റൈനും തമ്മിൽ സഹകരണം ശക്തിപ്പെടുത്തും. നയതന്ത്ര, ഒൗദ്യോഗിക പാസ്പോർട്ടുകൾ ഉള്ളവർക്ക് വിസ ഒഴിവാക്കുന്നതിനായി കരാറിൽ ഒപ്പുവെച്ചതിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. രാഷ്ട്രീയ ബന്ധം കൂടുതൽ വിപുലപ്പെടുത്താൻ ഇൗ നീക്കം സഹായിക്കുമെന്നും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.