മനാമ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഉണർവിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കും മന്ത്രിസഭ ആശംസകൾ നേർന്നു. അന്താരാഷ്ട്ര അധ്യാപകദിനാചരണത്തോടനുബന്ധിച്ചും പുതിയ അധ്യയനവർഷം തുടങ്ങിയ പശ്ചാത്തലത്തിലുമാണ് അഭിവാദ്യങ്ങൾ നേർന്നത്. സ്കൂളുകളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്കും ആശംസകൾ അറിയിച്ചു. മുന്നോട്ടുള്ള പഠനത്തിന് സഹായകമായ അറിവും വിജ്ഞാനവും നേടിയെടുക്കാൻ വിദ്യാർഥികൾക്ക് സാധ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ഫ്രാൻസിൽ നടന്ന എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയകിരീടമണിഞ്ഞ ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് കാബിനറ്റ് ആശംസകൾ നേർന്നു. കൂടുതൽ മികച്ച വിജയങ്ങൾ ഭാവിയിൽ കരസ്ഥമാക്കാൻ സാധിക്കട്ടെയെന്നും ആശംസിച്ചു. ബഹിരാകാശ മേഖലയിൽ യു.എ.ഇ കൈവരിച്ച നേട്ടം അസൂയാവഹമാണെന്ന് സുൽത്താൻ സൈഫ് നിയാദിയുടെ ബഹിരാകാശയാത്ര വിജയകരമായ പശ്ചാത്തലത്തിൽ കാബിനറ്റ് അഭിപ്രായപ്പെട്ടു.
ഈ രംഗത്ത് കൂടുതൽ നേട്ടങ്ങൾ സാധ്യമാക്കാൻ യു.എ.ഇക്ക് സാധ്യമാകട്ടെയെന്നും ആശംസിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹനവും അതുവഴി ലഭ്യമാകുന്ന സാമൂഹിക വളർച്ച തുടരുന്നതിനുമുള്ള പിന്തുണ ശക്തമാക്കണമെന്ന് അന്താരാഷ്ട്ര ജീവകാരുണ്യ ദിനാചരണ പശ്ചാത്തലത്തിൽ മന്ത്രിസഭ അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ പ്രയോജനത്തിനായി വികസന പദ്ധതികൾ ശക്തമാക്കുന്നതിനുള്ള മുൻഗണനാ കരട് മന്ത്രിസഭ അംഗീകരിച്ചു. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ കരടിനും അംഗീകാരമായി. മൂന്നു പ്രധാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി 48 നവീന പദ്ധതികൾ ഇതിനായി ആവിഷ്കരിക്കുന്നതിനും കരടിൽ നിർദേശമുണ്ട്. നവീന സംരംഭങ്ങളെയും കണ്ടുപിടിത്തങ്ങളെയും പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പേറ്റന്റുകളും യൂട്ടിലിറ്റി മോഡലുകളും രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് നിർണയിക്കുന്നതിനുള്ള മന്ത്രിതല സമിതിയുടെ കരട് അവതരിപ്പിച്ചു.
എൻജിനീയറിങ് പ്രഫഷനുകൾ പ്രാക്ടിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ, നിയമസഭാകാര്യ മന്ത്രിതല സമിതിയുടെ നിർദേശം അവതരിപ്പിച്ചു. വൈദ്യുത, ജലകാര്യ മന്ത്രാലയം, ഒമാൻ ഊർജ ധാതുസമ്പത്ത് മന്ത്രാലയവും തമ്മിൽ വൈദ്യുതി, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ സഹകരണ കരാറിൽ ഒപ്പുവെക്കാനുള്ള നിർദേശം അംഗീകരിച്ചു. വിദ്യാഭ്യാസ, ട്രെയ്നിങ് അതോറിറ്റിയും സ്കോട്ടിഷ് ക്രെഡിറ്റ് അവേഴ്സ് ആൻഡ് ക്വാളിഫിക്കേഷൻസ് അതോറിറ്റിയും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെക്കാനുള്ള കരടിനും അംഗീകാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.