മനാമ: രാജ്യത്ത് ചൂട് ഉയർന്ന് തുടങ്ങിയതോടെ വാഹനങ്ങൾ അമിതമായി ചൂടായി നിശ്ചലമാകുന്ന സംഭവങ്ങൾ വർധിക്കുകയാണ്. അതുകൊണ്ടുതന്നെ വാഹനമോടിക്കുന്നവർ ഇക്കാര്യത്തിൽ മുൻകരുതലെടുക്കണം. അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്താൽ സംഭവിക്കുന്നത് വലിയ അപകടങ്ങളായിരിക്കും. താപനില ഉയരുന്നതിനനുസരിച്ച്, വാഹനങ്ങളിൽ സാങ്കേതികത്തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും തീപിടിത്തത്തിലേക്ക് നയിക്കും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇന്ധനം, പെർഫ്യൂം, ലൈറ്ററുകൾ, വാതകങ്ങൾ, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ തുടങ്ങിയവ വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
കൃത്യമായ വേളകളിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വർധിച്ച ഘർഷണവും എൻജിൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സംവിധാനം തകരാറിലാകാൻ ഇടവരും. റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, എൻജിൻ ഓയിൽ , ടയറുകളുടെ പരിശോധന, ബ്രേക്ക് സംവിധാനം, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത എന്നിവ പരിശോധിക്കണം.
മുന്നിലെയും പിറകിലെയും ലൈറ്റുകൾ പ്രവർത്തിക്കുന്നേുണ്ടോ എന്ന് പരിശോധിക്കണം, മുന്നറിയിപ്പ് സിഗ്നൽ ലൈറ്റുകൾ, സ്പെയർ ടയർ, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെ പതിവ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്.
വാഹനങ്ങൾ ശരിയായി പരിപാലിക്കണം. കത്തുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ റോഡിന്റെ വശത്തേക്ക് മാറ്റി നിർത്തണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകൾ തുറന്ന് വാഹനത്തിന് അമിത മർദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചാൽ മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പ് സിഗ്നൽ നൽകണം. കത്തുന്ന വസ്തുക്കളോ മറ്റ് വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാർ ഓടിക്കണം. ഇതിന് ശേഷം എൻജിനും ഹെഡ്ലൈറ്റുകളും ഓഫാക്കുകയും യാത്രക്കാരെ പുറത്തിറക്കുകയും വേണം. കത്തുന്ന വാഹനത്തിന്റെ അടുത്ത് നിൽക്കരുത്.
തീപിടിത്തം എമർജൻസി സർവിസുകളെ അറിയിക്കണം. ചെറിയ തീപിടിത്തമാണെങ്കിൽ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാൽ, അഗ്നിശമന ഉപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിൽ സ്വയം തീ അണക്കാനുള്ള ശ്രമത്തിൽനിന്ന് വിട്ടുനിൽക്കേണ്ടതാണ്.
തീ അണച്ചതിനുശേഷം ഇലക്ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിന് ശേഷമല്ലാതെ സ്റ്റാർട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ ആഭിമുഖ്യത്തിൽ തീപിടിത്തം തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള മാർഗനിർദേശവും ബോധവത്കരണ പരിപാടികളും വിഡിയോ സംപ്രേഷണവും നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.