മനാമ: നോമ്പുകാലത്ത് നാടൻ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ച് കൃഷി മന്ത്രാലയം. നാഷനൽ ഇനിഷ്യേറ്റിവ് ഫോർ ദ ഡെവലപ്മെന്റ് ഓഫ് അഗ്രികൾചറുമായി ചേർന്ന് ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച ബുദയ്യ ഫാർമേഴ്സ് മാർക്കറ്റിൽ പച്ചക്കറി ആവശ്യത്തിന് വിൽപനക്കായി എത്തിയിരുന്നു. പച്ചക്കറി വാങ്ങാൻ ആയിരക്കണക്കിനാളുകളാണ് മാർക്കറ്റിൽ എത്തിയത്. ഇവരിൽ സ്വദേശികളും വിദേശികളുമുണ്ട്. നാടൻ പച്ചക്കറി ആകർഷകമായതിനാൽ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആവശ്യക്കാർ എത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു.
ഈ വർഷം മികച്ച വിളവുണ്ടായതിനാൽ ഫ്രഷ് പച്ചക്കറിയുടെ ദൗർലഭ്യം ഉണ്ടാകാനിടയില്ലെന്നാണ് നിഗമനം. തക്കാളിക്കും മുളകിനും ആവശ്യക്കാർ ഏറെയുണ്ട്. റമദാൻ കാലയളവിലാണ് നാടൻ പച്ചക്കറിയുടെ വിൽപന ഏറ്റവുമധികം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവ് കണക്കാക്കി കർഷകർ പച്ചക്കറികൃഷി വ്യാപകമാക്കാറുണ്ട്. ബുദയ്യ മാർക്കറ്റ് പത്താം വാർഷികം ആഘോഷിക്കുകയാണ്. ‘ഔർ ഹാർവെസ്റ്റ് ഇസ് ബഹ്റൈനി’ എന്ന തലവാചകത്തിലാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. നാല് അഗ്രിക്കൾചറൽ കമ്പനികളും അഞ്ചു നഴ്സറികളും 32 കർഷകരുമടങ്ങുന്ന കൂട്ടായ്മ ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്.
സാമൂഹിക വികസന മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 20 കാർഷിക കുടുംബങ്ങളും തങ്ങൾ ഉൽപാദിപ്പിച്ച കാർഷിക വിളകളുമായി മാർക്കറ്റിലെത്തും. പച്ചക്കറി, പഴവർഗങ്ങൾ, സലാഡ് ഇലകൾ, തക്കാളി, ബീൻസ്, വഴുതന, വെണ്ട, ബ്രോക്കോളി, സ്വീറ്റ്സ് മെലൻ, മത്തൻ, കുമ്പളം, കാബേജ്, വിവിധ നിറങ്ങളിലുള്ള കാപ്സിക്കം, ബീറ്റ്റൂട്ട്, കാരറ്റ്, ഈത്തപ്പഴം തുടങ്ങിയവയെല്ലാം മാർക്കറ്റിൽ ലഭ്യമാണ്. ഇതിനുപുറമെയാണ് കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക ഏരിയ. കുട്ടികൾക്ക് കലാ, കായിക വിനോദ പരിപാടികളിൽ ഏർപ്പെടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലൈവായി മത്സരങ്ങളുമുണ്ട്. കുട്ടികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും നിരവധിയാണ്.
വിശാലമായ ഫുഡ് കോർട്ടും മാർക്കറ്റിൽ ഒരുക്കിയിരിക്കുന്നു. ഫ്രഷ് ജ്യൂസ്, ഗ്രിൽഡ് വിഭവങ്ങൾ, ഐസ് ക്രീം, പോപ്കോൺ, അറബിക് വിഭവങ്ങൾ എന്നിവയെല്ലാം രുചിച്ചുനോക്കാനും സന്ദർശകർക്ക് സാധിക്കും. ഏപ്രിൽ വരെ ശനിയാഴ്ചകളിലാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. രാവിലെ ഏഴു മുതൽ ഉച്ച ഒന്നുവരെയാണ് പ്രവൃത്തിസമയം. പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.