മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ബഹ്റൈനെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണെന്ന് അവാലി ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ വികാരി ഫാ. സജി തോമസ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. ജി.സി.സിയിൽ മാർപാപ്പ നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. 2019ൽ യു.എ.ഇയിലായിരുന്നു ആദ്യ സന്ദർശനം.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബഹ്റൈൻ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്.
ക്രൈസ്തവ സഭയോടും മറ്റു വിശ്വാസങ്ങളോടും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും രാജകുടുംബാംഗങ്ങളും ഭരണാധികാരികളും കാണിക്കുന്ന പ്രത്യേക പരിഗണന എടുത്തുപറയേണ്ടതാണ്. ദേവാലയം നിർമിക്കുന്നതിന് ഭൂമി നൽകിയത് ഉൾപ്പെടെ വലിയ പിന്തുണയാണ് രാജാവിന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. മാർപാപ്പയുടെ സന്ദർശനം സംബന്ധിച്ച ഓരോ കാര്യങ്ങളിലും സർക്കാർ അതീവ ശ്രദ്ധയാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 80,000ത്തോളം കത്തോലിക്ക വിശ്വാസികളാണ് ബഹ്റൈനിൽ താമസിക്കുന്നത്. ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗവും. ലബനാൻ, ജോർഡൻ, ശ്രീലങ്ക, യൂറോപ്പ്, സ്പെയിൻ, ആഫ്രിക്ക, ഫ്രാൻസ്, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരും ഇവിടെയുണ്ട്. എല്ലാ വിശ്വാസികളും മാർപാപ്പയുടെ സന്ദർശനത്തെ അതീവ താൽപര്യത്തോടെ കാത്തിരിക്കുകയാണെന്നും ഫാ. സജി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.