മനാമ: മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനും സക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ (എസ്.സി.എച്ച്) പ്രസിഡൻറ് ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.ഞായറാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന റിഫയിലെ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ഹെൽത്ത് സെൻററിൽ പരിശോധന നടത്തുകയായിരുന്നു അദ്ദേഹം. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആരോഗ്യ കേന്ദ്രം റിഫയിലും പരിസരത്തും സേവനം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും സേവനം നൽകുന്ന കേന്ദ്രത്തിൽ വിദഗ്ധ സേവന ക്ലിനിക്കുകളുമുണ്ട്. ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ഹെൽത്ത് സെൻറർ നിലവിലെ ഈസ്റ്റ് റിഫ സെൻററിന് പകരമാകുമെന്ന് എസ്.സി.എച്ച് പ്രസിഡൻറ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച മുതൽ പുതിയ കേന്ദ്രത്തിൽ ആരോഗ്യ സേവനങ്ങൾക്കായി എത്താൻ അദ്ദേഹം നിർദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഡോ. അബ്ദുൽ വഹാബ് മുഹമ്മദ് അബ്ദുൽ വഹാബ്, പ്രൈമറി ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടിവ് ഡോ. ജലീല തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.