മനാമ: വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ ആധുനിക യുവത്വം വഴി തെറ്റുന്നത് സമൂഹത്തെയാകമാനം ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണെന്ന് ശുഹൈബുൽ ഹൈതമി. എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ അദ്ദേഹം ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു.
സ്വതന്ത്രചിന്തയുടെ പേരിൽ ബാധ്യതരഹിത ജീവിതവും ലിവിങ് ടുഗതറും ലൈംഗിക അരാജകത്വവും പ്രോത്സാഹിപ്പിക്കപ്പെടുന്നത് സാമൂഹിക ജീവിതത്തിന്റെ അടിത്തറയിളക്കുമെന്ന് നന്തി ദാറുസ്സലാം ദഅവാ കോളജ് പ്രഫസർ കൂടിയായ അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങൾ മതവിരുദ്ധമാണെന്നു മാത്രമല്ല, സാമൂഹിക വിരുദ്ധവുമാണ്.
അതുകൊണ്ടുതന്നെ മനുഷ്യസ്നേഹികൾക്കും സാമൂഹിക പ്രവർത്തകർക്കും മതസംഘടനകളെപ്പോലെതന്നെ ഇതിനെതിരായ പ്രചാരണങ്ങൾ നടത്താനും വഴിതെറ്റുന്ന യുവത്വത്തെ നേർവഴിക്കു നയിക്കാനും ഉത്തരവാദിത്തമുണ്ട്. ആധുനിക ലോകത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനും പുതിയതായി ഉരുത്തിരിയുന്ന മേഖലകളിലേക്ക് മതധാർമികതയുടെ വെളിച്ചം പകരാനും കഴിയണം.
‘മതം മധുരമാണ്’ എന്നപേരിൽ എസ്.കെ.എസ്.എസ്.എഫ് നടത്തിക്കൊണ്ടിരിക്കുന്ന കാമ്പയിൽ ഈ ദിശയിലുള്ളതാണ്. സ്വവർഗ ലൈംഗികതയും സ്വവർഗ ദമ്പതികളും സമൂഹത്തിൽ വ്യാപിക്കുകയാണ്. ജനാധിപത്യപരമായ അവരുടെ അവകാശങ്ങളെ അംഗീകരിക്കുമ്പോൾതന്നെ ഇത്തരം ജീവിതരീതികൾ വ്യാപകമാകുന്നത് സമൂഹഭദ്രതയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. സമൂഹഭദ്രതക്കുവേണ്ടിയുള്ള സർഗാത്മക ഇടപെടലുകൾ മുസ്ലിം സംഘടനകളെപ്പോലെ ഇതര മതസംഘടനകളിൽനിന്നുമുണ്ടാകണം.
അവരുമായി ഇത്തരം കാര്യങ്ങളിൽ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ നവനാസ്തികർ ആർ.എസ്.എസ് ജിഹ്വകളായാണ് പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള നവനാസ്തികർ തീവ്രവലതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും വലതുപക്ഷ വ്യവസ്ഥിതിയെ നിലനിർത്താനായി പണിയെടുക്കുകയും ചെയ്യുന്നു. മത സൗഹാർദത്തിലൂടെയും മനുഷ്യസൗഹൃദത്തിലൂടെയും മാനവഹൃദയങ്ങളിൽ മാറ്റമുണ്ടാക്കി മുസ്ലിം, പിന്നാക്ക ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമമാണ് എസ്.കെ.എസ്.എസ്.എഫ് നടത്തുന്നത്.
ഹിന്ദുത്വ എന്ന തീവ്രചിന്താഗതിയിൽ നിരവധി പേർ അറിയാതെ വീണുപോകുകയാണ്. എന്നാൽ ഏകശിലാത്മകമായ രാഷ്ട്രനിർമിതി എന്ന ആർ.എസ്.എസ് നീക്കത്തിനേറ്റ തിരിച്ചടിയാണ് പൊതു തെരഞ്ഞെടുപ്പ് ഫലം. നിതീഷ് കുമാറിനെയും ചന്ദ്ര ബാബു നായിഡുവിനെയും പോലുള്ള പ്രാദേശികപാർട്ടികൾ ബഹുസ്വരതയുടെ ശബ്ദമാണ് ഉയർത്തുന്നത്. അവർക്ക് നിർണായക സ്വാധീനമുള്ള സർക്കാറിന് ജനാധിപത്യത്തെ തള്ളിക്കളയാൻ കഴിയില്ല എന്നാണ് പ്രതീക്ഷയെന്നും ശുഹൈബുൽ ഹൈതമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.