മനാമ: ബഹ്റൈനിലെ വിനോദസഞ്ചാര മേഖല കഴിഞ്ഞ വർഷം കൈവരിച്ചത് വൻ വളർച്ച. 150 കോടി ദീനാറിന്റെ വരുമാനമാണ് ഈ മേഖലയിൽനിന്ന് കഴിഞ്ഞവർഷം ലഭിച്ചത്. കോവിഡിന് മുമ്പുള്ള വരുമാനത്തിന്റെ 90 ശതമാനത്തോളം നേടാനായത് മികച്ച നേട്ടമാണ്. കോവിഡിന്റെ പ്രത്യാഘാതം കൂടുതൽ നേരിട്ടത് വിനോദ സഞ്ചാര മേഖലയാണ്. അധികൃതരുടെ ക്രിയാത്മക ഇടപെടലുകൾ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് സഹായിച്ചതായി ഇതുസംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവിധ രാജ്യങ്ങളിൽനിന്നായി കഴിഞ്ഞവർഷം 99 ലക്ഷം സന്ദർശകരാണ് ബഹ്റൈനിൽ എത്തിയത്. 2020ൽ 19.09 ലക്ഷം സന്ദർശകരും 2021ൽ 36.12 ലക്ഷം സന്ദർശകരുമാണ് ബഹ്റൈനിലെത്തിയത്. എന്നാൽ, കഴിഞ്ഞവർഷം മൂന്നുമടങ്ങ് വർധനയാണുണ്ടായത്. 2019ൽ 1.11 കോടി സന്ദർശകർ ബഹ്റൈനിലെത്തിയിരുന്നു. ഇതിന് തൊട്ടടുത്തേക്ക് കഴിഞ്ഞ വർഷം എത്താൻ സാധിച്ചത് നേട്ടമായി വിലയിരുത്തപ്പെടുന്നു. ഖത്തറിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 1019 ശതമാനവും ഇസ്രായേലിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 3047 ശതമാനവും റഷ്യക്കാരുടെ എണ്ണത്തിൽ 492 ശതമാനവും തുർക്കിയയിൽനിന്നുള്ളവരുടെ എണ്ണത്തിൽ 302 ശതമാനവും സൈപ്രസിൽനിന്നുള്ളവരുടെ എണ്ണത്തിൽ 280 ശതമാനവും വർധനയുണ്ടായി.
കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോസ് വേ വഴി 89.37 ലക്ഷം സന്ദർശകരാണ് കഴിഞ്ഞവർഷം എത്തിയത്. മുൻവർഷം ഇതുവഴിയുള്ള സന്ദർശകരുടെ എണ്ണം 32.11 ലക്ഷമായിരുന്നു. 2021 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത പുതിയ വിമാനത്താവള ടെർമിനൽ വഴി 3.93 ലക്ഷം യാത്രക്കാരാണ് ആ വർഷം എത്തിയത്. എന്നാൽ, കഴിഞ്ഞവർഷം ഇത് 9.79 ലക്ഷമായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.