മനാമ: കേരളത്തിൽനിന്ന് ബഹ്റൈനിലേക്കുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് എം.കെ. രാഘവൻ എം.പി കത്തയച്ചു. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നവർക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം തിരിച്ചുപോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. യഥാസമയം മടങ്ങാൻ സാധിക്കാത്തവരുടെ ജോലിപോലും നഷ്ടമാകുന്നുണ്ട്.
സാധാരണക്കാരായ പ്രവാസികൾ ജോലി നഷ്ടമാകാതിരിക്കാൻ വായ്പയെടുത്ത് ടിക്കറ്റ് നിരക്ക് കണ്ടെത്തുന്ന അവസ്ഥയാണുള്ളത്. വിസ കാലാവധി അവസാനിക്കാറായ പ്രവാസികളുടെ സ്ഥിതിയും സമാനമാണ്. അതോടൊപ്പം കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസുകളില്ലാത്തതിനാൽ യാത്രക്കാർ മറ്റ് രാജ്യങ്ങളിലെത്തി അവിടെനിന്ന് പോകേണ്ട അവസ്ഥയുണ്ട്. ഇങ്ങനെ മറ്റ് രാജ്യങ്ങളിലെത്തിയവർ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് വ്യോമയാന, വിദേശകാര്യ മന്ത്രാലയങ്ങൾ സർവിസുകൾ നിർത്തിവെച്ച രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകളിലൂടെ അടിയന്തര പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.