മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച തുർക്കിയ, സിറിയ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് നാലു ദശലക്ഷം ദീനാർ ഇതുവരെ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മൂന്നുദിവസം മുമ്പ് ബഹ്റൈൻ ടി.വി മൂന്നുമണിക്കൂർ നടത്തിയ സഹായ സംരംഭ യത്നം വിജയകരമായിരുന്നതായി ആർ.എച്ച്.എഫ് സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു.
ബാപ്കോ, തത്വീർ, ബനാഗ്യാസ്, ജീപെക്, അസ്രി എന്നീ കമ്പനികൾ 1.5 ലക്ഷം ദീനാർ സഹായമായി നൽകി. അൽബ ഒരു ലക്ഷം ദീനാറും നൽകിയിട്ടുണ്ട്. എൻ.ബി.ബി, സാമിൽ, ഗൾഫ് കമേഴ്സ്യൽ ബാങ്ക്, ജി.എഫ്.എച്ച്, ബി.ബി.കെ, ബിയോൺ മണി എന്നിവ 50,000 ദീനാറും നൽകി.
സമീർ അബ്ദുല്ല നാസ് 37,697 ദീനാറും സീഫ് കമ്പനി, ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്, സീനി കമ്പനി എന്നിവ 20,000 ദീനാർ വീതവും എസ്.ടി.സി 20,735 ദീനാറും സൈൻ ബഹ്റൈൻ 18,850 ദീനാറും തകാഫുൽ കമ്പനി 15,000 ദീനാറും ലിമാർ ഹോൾഡിങ് കമ്പനി 7540 ദീനാറും സാലിഹ് അൽ സാലിഹ് കമ്പനി, മാസ, ബഹ്റൈൻ ക്രെഡിറ്റ് എന്നിവ 5,000 ദീനാർ വീതവും നൽകി.
മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ ദശലക്ഷം ദീനാർ നൽകി. തുർക്കിയ, സിറിയ സഹായ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആർ.എച്ച്.എഫ് ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫയും സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും തുർക്കി സന്ദർശിക്കും. യു.എന്നുമായി ചേർന്ന് ദുരിതാശ്വാസ പദ്ധതികൾ ചെയ്യുന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുക.
ദുരിതത്തിലകപ്പെട്ടവർക്ക് മെച്ചപ്പെട്ട താമസവും ഭക്ഷണവും ഏർപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.