മനാമ: ബഹ്റൈൻ പ്രവാസിയും എഴുത്തുകാരനുമായ പി.കെ. ജയചന്ദ്രന്റെ രണ്ടു പുതിയ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. കഴിഞ്ഞ വർഷങ്ങളിൽ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പത്തു കഥകളുടെ സമാഹാരമായ ‘ചരിത്രപഥത്തിൽ രണ്ടു കള്ളന്മാർ’, നോവലറ്റുകളുടെ സമാഹാരമായ ‘ജീവപര്യന്തം’ എന്നീ രണ്ടു പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. നവംബർ 11ന് ഷാർജ അന്താരാഷ്ട്ര പുസ്തക നഗരിയിൽ പ്രകാശനം നടക്കും. പുസ്തകങ്ങളുടെ കവർ പ്രകാശനം എഴുത്തുകാരായ എസ്. ഹരീഷും ബെന്യാമിനും എഫ്.ബിയിലൂടെ നിർവഹിച്ചിരുന്നു. കഥാസമാഹാരം ഗ്രീൻ ബുക്സും നോവലറ്റുകൾ കൈരളി ബുക്സുമാണ് പ്രസിദ്ധീകരിക്കുന്നത്. ജയചന്ദ്രന്റെ ആദ്യ നോവൽ ‘മെയ്ൻ കാംഫ്’ മാധ്യമം വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഡി.സി ബുക്സ് പുസ്തകമാക്കി. സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച രചനകളാണ് പി.കെ. ജയചന്ദ്രന്റെ പുസ്തകങ്ങളെന്ന് പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ പുസ്തകത്തിന്റെ അവതാരികയിൽ പറയുന്നു. കണ്ണൂർ രാമന്തളി സ്വദേശിയായ പി.കെ. ജയചന്ദ്രൻ 25 വർഷമായി ബഹ്റൈനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.