മനാമ: പാരിസ് ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് ബഹ്റൈൻ. രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഈ കൊച്ചുരാജ്യം. നാലു മെഡലുകളുമായി പട്ടികയിൽ 33ാം സ്ഥാനവും ബഹ്റൈൻ നേടി. ഇന്നലെ ഗുസ്തി 97 കിലോഗ്രാം വിഭാഗത്തിൽ അഖ്മദ് തജുദിനോവ് ആണ് രണ്ടാം സ്വർണം നേടിയത്.
ജോർജിയൻ താരം ഗിവി മച്ചരാഷ്വിലിയെ ആണ് തജുദിനോവ് പരാജയപ്പെടുത്തിയത്. അത്ലറ്റിക്സിന് പുറമെ ബഹ്റൈൻ നേടുന്ന ആദ്യ ഒളിമ്പിക് മെഡൽ കൂടിയാണിത്. റഷ്യൻ വംശജനായ അഖ്മദ് തജുദിനോവ് ബഹ്റൈനെ പ്രതിനിധീകരിച്ച്, നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ ബഹ്റൈന്റെ സമ്പാദ്യം ഒരു വെള്ളി മാത്രമായിരുന്നു.
ജി.സി.സി രാജ്യങ്ങളിലും ഒന്നാമതാണ് ഇപ്പോൾ ബഹ്റൈന്റെ സ്ഥാനം.വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടി വിൻഫ്രെഡ് യാവിയാണ് ബഹ്റൈന്റെ ഈ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേടിയത്. ഒളിമ്പിക് റെക്കോർഡ് കൂടി യാവി തിരുത്തി. എട്ട് മിനിറ്റ് 52.76 സെക്കൻഡ് എന്ന മിന്നുന്ന സമയത്തിലാണ് യാവി വിജയിച്ചത്. 2008ൽ ബെയ്ജിംഗിൽ റഷ്യൻ താരം ഗുൽനാര സമിറ്റോവ-ഗാൽക്കിന സ്ഥാപിച്ച 8:58.81 എന്ന റെക്കോഡാണ് യാവി മറികടന്നത്.
വനിതകളുടെ 400 മീറ്ററിൽ സൽവ ഈദ് നാസർ വെള്ളിയും നേടിയിരുന്നു. ഗോർ മിനാസ്യൻ, പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരദ്വഹനത്തിൽ ബഹ്റൈനുവേണ്ടി വെങ്കലം നേടി. ഒളിമ്പിക് ചരിത്രത്തിൽ ബഹ്റൈന്റെ നാലാമത്തെ സ്വർണമാണ് അഖ്മദ് തജുദിനോവ് നേടിയത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക് ഗെയിംസുകളിലും ബഹ്റൈൻ മെഡൽ നേടിയിട്ടുണ്ട്.
മറിയം യൂസഫ് ജമാൽ 2012 ലെ ലണ്ടനിൽ വനിതകളുടെ 1,500 മീറ്ററിൽ രാജ്യത്തിന്റെ ആദ്യ ഒളിമ്പിക് മെഡലും ആദ്യത്തെ ഒളിമ്പിക് സ്വർണവും നേടി. ഫൈനലിൽ വെങ്കല മെഡലാണ് മറിയം യൂസഫ് ജമാലിന് ലഭിച്ചതെങ്കിലും മറ്റു ജേതാക്കൾ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ സ്വർണം ലഭിച്ചു.
2016 റിയോ ഒളിമ്പിക്സിൽ, റൂത്ത് ജെബറ്റ് വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണവും യൂനിസ് കിർവ വനിതകളുടെ മാരത്തണിൽ വെള്ളിയും നേടി. 2021 ടോക്യോയിൽ, കൽക്കിദാൻ ഗെസാഹെഗ്നെ വനിതകളുടെ 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു.
വിൻഫ്രെഡ് യാവി,സൽവ ഈദ് നാസർ, ഗോർ മിനാസ്യൻ, അഖ്മദ് തജോദിനോവ്, എന്നിവർക്കു പുറമെ റോസ് ചെലിമോ, വനിതകളുടെ മാരത്തൺ, ടിജിസ്റ്റ് ഗാഷോ, വനിതാ മാരത്തൺ, യൂനിസ് ചുംബ, വനിതകളുടെ മാരത്തൺ, നെല്ലി ജെപ്കോസ്ഗെ-വനിതകളുടെ 800 മീറ്റർ, ബിർഹാനു ബലേവ്-പുരുഷന്മാരുടെ 5,000 മീ, അസ്കെർബി ഗെർബെക്കോവ്-ജൂഡോ പുരുഷന്മാരുടെ 81 കി.ഗ്രാം, അമാനി അൽ ഒബൈദ്ലി-വനിതകളുടെ 100 മീറ്റർ ബാക്ക്സ്ട്രോക്ക് നീന്തൽ, സൗദ് അൽ ഗാലി- പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, ലെസ്മാൻ പരേഡസ്-ഭാരോദ്വഹനം പുരുഷന്മാരുടെ 102 കി.ഗ്രാം, കെമി അദെക്കോയ- വനിതകളുടെ 400 മീറ്റർ ഹർഡിൽസ് എന്നിവരടങ്ങുന്ന ടീമാണ് പാരിസിൽ ബഹ്റൈനുവേണ്ടി മത്സരിച്ചത്. മെഡൽ പ്രതീക്ഷയായിരുന്ന കെമി അദെക്കോയ പരിക്കുമൂലം മത്സരത്തിനുമുമ്പ് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.