ഗൾഫ് മാധ്യമത്തിന്റെ തുടക്കകാലം മുതൽ പത്രത്തിന്റെ വായനക്കാരനാണ് ഞാൻ. തിരക്കുപിടിച്ച ബിസിനസ് ജീവിതത്തിനിടയിലും പത്രത്തിലെ വാർത്തകൾ ശ്രദ്ധിക്കാനും നാട്ടിലും പ്രവാസികൾക്കിടയിലുള്ള സ്പന്ദനങ്ങളറിയാനും ഞാൻ സമയം കണ്ടെത്താറുണ്ട്. പ്രവാസഭൂമിയുടെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ ഭൂമികളിലെല്ലാം ഗൾഫ് മാധ്യമം സ്വാധീനം ചെലുത്തുന്നുവെന്നതാണ് എന്റെ അനുഭവം.
രണ്ടരലക്ഷത്തിലധികം മലയാളികൾ അധിവസിക്കുന്ന രാജ്യമാണ് ബഹ്റൈൻ. ജനിച്ചുവളർന്ന മണ്ണുവിട്ട് അതിജീവനത്തിനായി മറ്റൊരു നാട്ടിലേക്കു കുടിയേറേണ്ടിവരുന്ന എല്ലാവർക്കും തുടക്കകാലഘട്ടത്തിൽ വലിയ പ്രയാസങ്ങൾ നേരിടേണ്ടിവരും. എന്നാൽ, ബഹ്റൈനിലെത്തി അധികനാൾ കഴിയും മുമ്പേ ഈ പ്രയാസങ്ങൾ എല്ലാവരും മറക്കും.
അതിനുകാരണം നാട്ടിലെ സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ അന്തരീക്ഷം ഇവിടെയും നിലനിൽക്കുന്നുവെന്നതാണ്. ആ അന്തരീക്ഷം ഇവിടെ നിലനിർത്തുന്നതിൽ ഗൾഫ് മാധ്യമം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അദ്വിതീയമാണ്. സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനം നടത്തുന്ന സംഘടനകളെ, വ്യക്തികളെ വായനക്കാരുടെയിടയിൽ, പൊതു സമൂഹത്തിനുമുന്നിൽ നന്നായി അവതരിപ്പിക്കാനെന്നും ഗൾഫ് മാധ്യമം ശ്രദ്ധിച്ചിട്ടുണ്ട്.
പമ്പാവാസൻ നായർ (എം.ഡി, അമാദ് ഗ്രൂപ്)
സാമൂഹിക പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും എന്നും ഈ പത്രത്താളുകളിലിടമുണ്ട്. സംഘടനകൾക്കും വ്യക്തികൾക്കും അത് ഉന്മേഷമാണ്, ഊർജമാണ്. ജീവകാരുണ്യ മേഖലയിലടക്കം നിർണായക ഇടപെടലുകൾ നടത്തുന്നതിലൂടെ കേവലം ഒരു പത്രം എന്നതിനപ്പുറമുള്ള തലത്തിലേക്ക് ഗൾഫ്മാധ്യമം എത്തിയിരിക്കുന്നു. മാർഗനിർദേശങ്ങളും വിദ്യാർഥികൾക്കാവശ്യമായ വിവരങ്ങളും നൽകി വിദ്യാഭ്യാസരംഗത്തും ഇടപെടുന്നു. സമൂഹ മാധ്യമങ്ങളുടെ പ്രഭാവ കാലമായിട്ടും ഈ പത്രത്തിന് പ്രസക്തി നഷ്ടപ്പെടാത്തതെന്തുകൊണ്ടായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണം പക്ഷപാതിത്വമില്ലാത്തതും ആധികാരികവുമായ വാർത്തകളാണ്. മറ്റൊന്ന് സാമൂഹിക പ്രസക്തമായ കാര്യങ്ങൾക്കായും മൂല്യങ്ങൾക്കായും നിലകൊള്ളുന്നുവെന്നതുമാണ്.
പ്രവാസ ഭൂമിയിലെത്തുന്നവരിൽ അത്രയധികംപേരൊന്നും വിജയം കൈവരിക്കാറില്ലെന്നത് ഒരു യാഥാർഥ്യമാണ്. നിരവധിപേർ, വഴിമുട്ടുകയും തളർന്നുവീഴുകയും ചെയ്യാറുണ്ട്. ശാരീരികമായും മാനസികമായുമെല്ലാം അവർ പ്രതിസന്ധി നേരിടുന്നു. ഇങ്ങനെയുള്ളവരെ കണ്ടെത്താനും അവരുടെ പ്രശ്നങ്ങൾ സമൂഹത്തിനു മുമ്പാകെയെത്തിക്കാനും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും അധികൃതരുടെയും ശ്രദ്ധയിൽകൊണ്ടുവന്ന് പരിഹാരം തേടാനും ഗൾഫ് മാധ്യമം ശ്രമിക്കാറുണ്ടെന്നത് അതിനെ എന്നും പ്രസക്തമാക്കുന്ന മറ്റൊരു കാര്യമാണ്.
കഴിഞ്ഞ കാൽനൂറ്റാണ്ടും ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനൊപ്പം ഗൾഫ് മാധ്യമവും വളരുകയായിരുന്നു. സമൂഹത്തിനാകെ ഊർജം നൽകുന്ന പ്രവർത്തനങ്ങളുമായി ഇനിയും ഇനിയും മുന്നോട്ടുപോകാൻ കഴിയുമാറാകട്ടെയെന്ന് ജഗദീശ്വരനോട് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.