അനിയന്ത്രിത വിമാന യാത്രാക്കൂലി; പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

മനാമ: പ്രവാസികളുടെ അനിയന്ത്രിത വിമാനയാത്രാക്കൂലിക്ക് പരിഹാരമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പുതിയതായി നിയമിതനായ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തിൽ മുമ്പും നിവേദനങ്ങളും കോടതിയിൽ ഹരജികളൊക്കെ നൽകിയിരുന്നുവെങ്കിലും വിമാന യാത്രാക്കൂലി വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്നും വിമാനയാത്രാക്കൂലി കമ്പോളശക്തികൾ നിർണയിക്കും എന്ന നിലപാടാണ് കാലാകാലങ്ങളായി സർക്കാർ എടുത്തുവന്നിരുന്നതും. ഇതിനൊരു മാറ്റമുണ്ടാവണം എന്ന ആവശ്യമാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. എയർസേവാ പോർട്ടൽ കൂടുതൽ ശക്തമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

വിമാനയാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച എയർസേവാ പോർട്ടൽ ഇപ്പോൾ കാര്യക്ഷമമല്ലെന്നും അടുത്തിടെ വ്യാപകമായി വിമാനയാത്രകൾ റദ്ദുചെയ്യപ്പെട്ടപ്പോൾ റീഫണ്ടിനായി എയർസേവാ പോർട്ടൽ വഴി പരാതിപ്പെട്ട പലർക്കും റീഫണ്ട് കിട്ടുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. സൗജന്യമായി പ്രശ്നപരിഹാരം കണ്ടിരുന്ന എയർസേവാ പോർട്ടൽ കാര്യക്ഷമമല്ലാത്തതിനാൽ റീഫണ്ടിനായി കോടതിയെ സമീപിക്കേണ്ട അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

ഗൾഫ് മേഖലയിൽ അവധിസമയമായതിനാൽ വർധിതമായ വിമാനക്കൂലി പ്രവാസികൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ആയതിനാൽ കേന്ദ്രസർക്കാർ അനുകൂല നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.

Tags:    
News Summary - Unbridled Airfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.