മനാമ: ബഹ്റൈനിൽ ദേശീയ കോവിഡ് പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ ആറ് മാസം പൂർത്തീകരിച്ച് മുന്നോട്ട്. എല്ലാവർക്കും വാക്സിൻ നൽകി കോവിഡിൽനിന്ന് രാജ്യത്തെ മുക്തമാക്കാൻ ആരംഭിച്ച കാമ്പയിൻ ഞായറാഴ്ചയാണ് ആറ് മാസം പിന്നിട്ടത്. ഇതുവരെ 20 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 69.4 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞത് കാമ്പയിെൻറ വിജയമാണ്. കഴിഞ്ഞ വർഷം ഡിസംബർ 13നാണ് ബഹ്റൈനിൽ കോവിഡ് വാക്സിന് രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതൽ വാക്സിൻ നൽകിത്തുടങ്ങി. സമൂഹത്തിെൻറ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചതിെൻറ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.
കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിെൻറ മേൽനോട്ടത്തിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ശനിയാഴ്ച വരെ 10,41,584 പേർക്ക് ഒന്നാം ഡോസും 8,90,922 പേർക്ക് രണ്ടാം ഡോസും നൽകി.
തുടക്കത്തിൽ 27 ഹെൽത്ത് സെൻററുകൾ വഴിയാണ് വാക്സിൻ നൽകിയത്. ഇപ്പോൾ, ഹെൽത്ത് സെൻററുകൾക്ക് പുറമേ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബി.ഡി.എഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വാക്സിൻ നൽകുന്നുണ്ട്.
ജനങ്ങൾക്ക് വാക്സിൻ നൽകാൻ മുന്നോട്ടുവന്ന ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്റൈൻ. തുടർന്ന് ജനങ്ങൾക്കിടയിൽ കൃത്യമായ ബോധവത്കരണത്തിലൂടെ കാമ്പയിൻ മികച്ച വിജയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. നിലവിൽ സിനോഫാം, ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്രസെനഗ, സ്പുട്നിക് 5 വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസും നൽകിത്തുടങ്ങി.
മനാമ: സിനോഫാം വാക്സിൻ രണ്ടു ഡോസും മൂന്നു മാസം മുമ്പ് എടുത്ത 50 വയസ്സിനു മുകളിലുള്ളവർ ഫൈസർ-ബയോൺടെക് ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം.
രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബി അവെയർ ആപ്പിൽ ലഭ്യമാകുന്ന പച്ച ഷീൽഡ് മൂന്നു മാസം കഴിയുേമ്പാൾ മഞ്ഞയാകും. തുടർന്ന്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മാത്രമാണ് വീണ്ടും പച്ചയാവുക.
കോവിഡ് വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് കുറക്കാനും രോഗ ലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കാനും വാക്സിൻ സഹായിക്കുമെന്ന് മന്ത്രാലയം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.