മനാമ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 23 ആണ് സൗദി ദേശീയ ദിനം. സൗദിയോട് ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനാണ് ഇത്തരമൊരു പരിപാടിയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദി വ്യക്തമാക്കി.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശക്തമായ സാഹോദര്യബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ ഇതുതകുമെന്ന് കരുതുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനികൾ അയൽ രാജ്യങ്ങളിലേക്ക് സന്ദർശനത്തിനായി പോകുമ്പോൾ ആദ്യം തിരഞ്ഞെടുക്കുന്നത് സൗദിയെയാണ്. അവർ നൽകുന്ന സ്വീകരണവും ആതിഥ്യവും പ്രശംസനീയമാണ്.
ആഘോഷങ്ങളോടനുബന്ധിച്ച് സൗദിയുടെയും ബഹ്റൈന്റെയും സാംസ്കാരിക, കലാ, സംഗീത പരിപാടികളാണ് ഒരുക്കുന്നത്. ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റി സെന്റർ, അവന്യൂസ്, അൽ ബറാഹ സൂഖ്, ബാബുൽ ബഹ്റൈൻ, സീഫ് മാൾ മനാമ, മുഹറഖ്, ദിൽമൂനിയ മാൾ, അല്ലീവാൻ മാൾ, സആദ, വാട്ടർ ഗാർഡൻ സിറ്റി ബീച്ച്, അൽ ജസായിർ ബീച്ച്, അൽ മറാസി ബീച്ച്, ഡിസ്ട്രീക്റ്റ് മാൾ, ഡെൽമൺ ലോസ്റ്റ് പാരഡൈസ്, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ എന്നിവിടങ്ങളിലാണ് 96ാമത് സൗദി ദേശീയ ദിന പരിപാടികൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.