മനാമ: വാറ്റ്, എക്സൈസ് വെട്ടിപ്പുമായി ബന്ധപ്പെട്ട് നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) ഈ മാസം 182 പരിശോധനകൾ നടത്തി. അഞ്ചു ഗവർണറേറ്റുകളിലും പ്രാദേശിക മാർക്കറ്റുകളിലായിരുന്നു പരിശോധന. പരിശോധനയിൽ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് എൻ.ബി.ആർ അറിയിച്ചു. വാറ്റ്, എക്സൈസ് നിയമങ്ങൾക്കനുസൃതമായി ഇവരിൽനിന്ന് പിഴയീടാക്കും. കടുത്ത നിയമലംഘനം കണ്ടെത്തിയാൽ ക്രിമിനൽ കേസ് നടപടികൾ ആരംഭിക്കും. അഞ്ചുവർഷം തടവും വാറ്റ് നിയമം അനുസരിച്ച് അടക്കേണ്ട വാറ്റിന്റെ മൂന്നിരട്ടി തുകക്ക് തുല്യമായ പിഴയും വരെ ഇവർക്ക് ശിക്ഷ ലഭിക്കാം. എക്സൈസ് നിയമപ്രകാരം വെട്ടിച്ച എക്സൈസ് നികുതിയുടെ ഇരട്ടിക്ക് തുല്യമായ പിഴയും ഒരു വർഷം തടവുമാണ് നിയമലംഘകർ ശിക്ഷ അനുഭവിക്കേണ്ടത്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ബിസിനസ് നിലവാരം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പരിശോധനകൾ. ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനും എൻ.ബി.ആർ ലക്ഷ്യമിടുന്നു.
സിഗരറ്റ്, വാട്ടർപൈപ്പ് പുകയില മൊളാസ് എന്നിവയിൽ ഡിജിറ്റൽ സ്റ്റാമ്പ് സ്കീം നടപ്പാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. അത് സംബന്ധിച്ച പരിശോധനകളും നടന്നു. വാറ്റ്, എക്സൈസ് നികുതി എന്നിവ ശാസ്ത്രീയമായി ചുമത്തുന്നതിനാണ് ഡിജിറ്റൽ സ്റ്റാമ്പിങ് നടപ്പാക്കാൻ തീരുമാനിച്ചത്. ഡിജിറ്റൽ സ്റ്റാമ്പ് ചെയ്യാതെ ജൂൺ 18 മുതൽ പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ (ഹുക്ക)രാജ്യത്ത് വിൽക്കാനും ഇറക്കുമതി ചെയ്യാനും അനുവദിക്കില്ലെന്ന് എൻ.ബി.ആർ അറിയിച്ചിരുന്നു. പ്രാദേശിക വിപണിയിലെ എല്ലാ ഇറക്കുമതിക്കാരും വ്യാപാരികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ടായിരുന്നു. നടപടി പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് ഡിജിറ്റൽ സ്റ്റാമ്പുകളില്ലാത്ത പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ വ്യാപാരികൾ പിൻവലിക്കണം. ഇവ ഒന്നുകിൽ നശിപ്പിക്കുകയോ അല്ലെങ്കിൽ ബഹ്റൈന്റെ പുറത്ത് വിൽപനക്കായി മാറ്റുകയോ ചെയ്യണം. ബന്ധപ്പെട്ട വിതരണ ശൃംഖലയിലൂടെ തിരികെ നൽകാനാണ് വ്യാപാരികളോട് നിർദേശിച്ചിരിക്കുന്നത്.
സാധുതയില്ലാത്ത ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാതെ വാട്ടർ പൈപ്പ് പുകയില ‘മൊളാസസ്’ ഉൽപന്നങ്ങൾ കൈവശം വെക്കുന്നതും വ്യാപാരം, വിതരണം, വിൽപന എന്നിവയും നിരോധിക്കുകയാണ്. ഉൽപന്നത്തിന്റെ പ്രാരംഭ നിർമാണഘട്ടം മുതലുള്ള വ്യാപാരം നിയമസാധുതയുള്ളതാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. എക്സൈസ് വരുമാനം ഉറപ്പുവരുത്താനും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. വ്യാജമോ നിയമവിരുദ്ധമോ ആയ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് എൻ.ബി.ആർ ചൂണ്ടിക്കാട്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.