ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?സോഷ്യൽ ഇൻഷുറൻസിൽനിന്ന് (ഗോസി) ആനുകൂല്യം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്. അതിന്റെ രേഖകൾ ഹാജരാക്കേണ്ടത് ആരാണ്. മരണം സംഭവിച്ചാൽ മാത്രമാണോ നഷ്ടപരിഹാരം കിട്ടുക- കബീർ
സോഷ്യൽ ഇൻഷുറൻസിൽനിന്ന് (ഗോസി) ആനുകൂല്യങ്ങൾ ലഭിക്കാൻ താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം.
1. എന്തെങ്കിലും അപകടം നടന്നാൽ ആദ്യമായി ഗോസിയുടെ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ നൽകിയിരിക്കണം. സാധാരണ ഇത് ചെയ്യുന്നത് തൊഴിലുടമയാണ്. ഈ കാര്യം ചെയ്താൽ മാത്രമേ ഗോസിയിൽനിന്ന് നഷ്ടപരിഹാരമോ ആനുകൂല്യമോ ലഭിക്കാൻ അർഹതയുണ്ടാകൂ.
2. അംഗവൈകല്യമാണ് അപകടം മൂലം സംഭവിച്ചതെങ്കിൽ അതിന്റെ തോത് തീരുമാനിച്ച രേഖ നൽകണം. ഇത് ചികിത്സയെല്ലാം കഴിഞ്ഞ് മെഡിക്കൽ കമീഷനാണ് നൽകുന്നത്. അംഗവൈകല്യത്തിന്റെ തോതനുസരിച്ച്, ഗോസിയിൽ കാണിച്ചിരിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ലഭിക്കുക. നിശ്ചിത തുകയാണ് വിദേശ തൊഴിലാളിക്ക് ലഭിക്കുന്നത്.
3. മരണസർട്ടിഫിക്കറ്റ് ഇവിടെ ആരോഗ്യ മന്ത്രാലയമാണ് നൽകുന്നത്. പൊലീസിന്റെ അന്വേഷണവും മറ്റ് നടപടിക്രമങ്ങളുമെല്ലാം പൂർത്തിയായാൽ മാത്രമേ ഇത് ലഭിക്കൂ. ഈ സർട്ടിഫിക്കറ്റ് നാട്ടിൽ കൊണ്ടുപോകുന്നതിനു മുമ്പ് ഇവിടത്തെ വിദേശകാര്യ മന്ത്രാലയത്തിൽനിന്നും ഇന്ത്യൻ എംബസിയിൽനിന്നും അറ്റസ്റ്റ് ചെയ്യണം. എന്നാൽ മാത്രമേ നാട്ടിൽ ഇത് സ്വീകരിക്കുകയുള്ളൂ.
4. അനന്തരാവകാശികൾ ആരൊക്കെയാണെന്ന് തെളിയിക്കുന്ന രേഖ (legal heir certificate) അല്ലെങ്കിൽ succession certificate or letter of administration. ആദ്യത്തെ legal heir certificate നൽകുന്നത് നാട്ടിൽ തഹസിൽദാറാണ്. succession certificate or letter of administration ഇവയെല്ലാം നൽകുന്നത് കോടതിയാണ്. WILL ഉണ്ടെങ്കിൽ അത് probate ചെയ്യുന്നതും കോടതിയാണ്. നാട്ടിൽനിന്ന് കൊണ്ടുവരുന്ന രേഖകൾ എല്ലാം തന്നെ അപ്പോസ്റ്റ്ൽ ചെയ്യണം. അല്ലെങ്കിൽ ഇന്ത്യയിലെ ബഹ്റൈൻ എംബസി അറ്റസ്റ്റ് ചെയ്യണം.
5. പവർ ഓഫ് അറ്റോണി: ഇവിടെ ഒരു അഭിഭാഷകന്റെ പേരിൽ പവർ ഓഫ് അറ്റോണി നൽകണം. ഇതും അപ്പോസ്റ്റ്ൽ ചെയ്യണം. അല്ലെങ്കിൽ ബഹ്റൈൻ എംബസി അറ്റസ്റ്റ് ചെയ്യണം.
6. ഓരോ അനന്തരാവകാശിക്കും ലഭിക്കുന്ന തുക തീരുമാനിക്കുന്ന രേഖ നൽകണം. അതുപോലെ ഓരോ അനന്തരാവകാശികളുടെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും.
7. എല്ലാ അനന്തരാവകാശികൾക്കുംകൂടി ലഭിക്കുന്ന നഷ്ടപരിഹാരം ഒരാൾക്ക് നൽകാൻ സാധിക്കും. അങ്ങനെയാണ് ചെയ്യുന്നതെങ്കിൽ അതിനുള്ള രേഖയും നൽകണം. ഗോസിയുടെ പരിധിയിൽ വരുന്ന ഒരു അപകടത്തിൽനിന്നുണ്ടായ അംഗവൈകല്യത്തിനോ മരണത്തിനോ നഷ്ടപരിഹാരം ഗോസിയിൽനിന്ന് ലഭിച്ചാൽ പിന്നെ മറ്റ് ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ ലഭിക്കാൻ അർഹതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.