ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം
?ഞാൻ ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഞാൻ വന്നത് ഒരു വർഷം മുമ്പാണ്. കഴിഞ്ഞ വർഷം നവംബർ 14നാണ് വിസ അടിച്ചത്. ഈ വർഷം നവംബർ 14ന് എന്റെ വിസ അവസാനിക്കും. എനിക്ക് ഇപ്പോൾ വേറൊരു കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടിയിട്ടുണ്ട്. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽനിന്ന് അഞ്ചു മാസത്തെ ശമ്പളം കിട്ടാനുണ്ട്. ഇപ്പോൾ രാജിക്കത്ത് കൊടുത്താൽ ഒരുമാസം കാലാവധി കഴിയണമല്ലോ. അതിനുമുമ്പ് നവംബർ പതിനാലിന് എന്റെ വിസ കഴിയും. അപ്പോൾ എനിക്ക് മൊബിലിറ്റി കിട്ടുമോ. ശമ്പള കുടിശ്ശിക കിട്ടാൻ എന്താണ് ചെയ്യേണ്ടത് - അനീഷ്
• താങ്കളുടെ വിസ തീരുന്നതുകൊണ്ട് താങ്കൾക്ക് ഇവിടെനിന്ന് മറ്റു തൊഴിൽ വിസയിലേക്ക് മാറാൻ കഴിയും. അതിന് വിസ കാലാവധി കഴിയുന്നതിനു മുമ്പേ, താങ്കളുടെ വിസ പുതുക്കരുതെന്നും നവംബർ 14നു മുമ്പേ താങ്കളുടെ വിസ റദ്ദ് ചെയ്ത് തരാനും കമ്പനിയോട് പറയണം.
അങ്ങനെ ചെയ്യുമ്പോൾ താങ്കൾക്ക് 30 ദിവസത്തെ ഗ്രേസ് പീരിയഡ് ലഭിക്കും. അപ്പോൾ വിസ പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റാൻ സാധിക്കും. ഇപ്പോഴത്തെ വിസ പുതുക്കാതെ റദ്ദുചെയ്ത് തന്നാൽ പുതിയ വിസയിലേക്ക് മാറാൻ സാധിക്കും. ഇക്കാര്യം സാധിക്കുന്നില്ലെങ്കിൽ പുതിയ വിസയിലേക്ക് മാറാൻ പ്രയാസം നേരിടും.
ശമ്പളം ലഭിക്കുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം. അതുപോലെ വിസ പുതുക്കാൻ താൽപര്യമില്ലെന്നും പറയണം. സാധാരണ തൊഴിൽ മാറാനുള്ള ഉദ്ദേശ്യം (intention) വിസ തീരുന്നതിന് 30 ദിവസം മുമ്പാണ് കൊടുക്കേണ്ടത്. ഒരു കാരണവശാലും പുതിയ തൊഴിലുടമയുടെ വിസ ലഭിക്കുന്നതിനു മുമ്പ് പുതിയ ജോലിക്ക് പോകരുത്. അതുപോലെ വിസ തീരുന്നതിനുമുമ്പേ വേറെ വിസ ശരിയായില്ലെങ്കിൽ തിരികെ നാട്ടിൽ പോയിട്ട് പുതിയ വിസയിൽ തിരികെ വരണം.
1. ഒരു തൊഴിലാളി സ്വന്തം പാസ്പോർട്ട്, സി.പി.ആർ, തൊഴിൽ കരാറിന്റെ കോപ്പി എന്നിവ കൈയിൽ സൂക്ഷിക്കണം. പാസ്പോർട്ട് നമ്മുടെ സ്വന്തമായതിനാൽ നമ്മൾ തന്നെയാണ് സൂക്ഷിക്കേണ്ടത്. എന്തെങ്കിലും കാരണവശാൽ തൊഴിലുടമയുടെ കൈയിൽ പാസ്പോർട്ട് കൊടുക്കുകയാണെങ്കിൽ അത് കൊടുത്തു എന്നതിന്റെ രേഖ വാങ്ങി സൂക്ഷിക്കണം.
പാസ്പോർട്ട് കോപ്പിയാണ് കൈയിലുള്ളതെങ്കിൽ അതിന്റെ ആദ്യ രണ്ടു പേജുകൾ, അവസാനത്തെ പേജ് എന്നിവ ഉണ്ടായിരിക്കണം. അതുപോലെ താമസ വിസയുടെ ഒരു കോപ്പിയും സൂക്ഷിക്കണം. ഇത് സ്വന്തമായി സൂക്ഷിക്കാൻ പ്രയാസമാണെങ്കിൽ ആരെയെങ്കിലും ഏൽപിക്കണം. അല്ലെങ്കിൽ നാട്ടിൽ സൂക്ഷിക്കണം.
2. ഒരു കാരണവശാലും നിയമസാധുതയുള്ള തൊഴിൽ വിസ ഇല്ലാതെ ജോലി ചെയ്യരുത്. തൊഴിൽ വിസയിൽ പറയുന്ന സ്ഥലത്ത് തൊഴിൽ വിസ എടുത്ത തൊഴിലുടമയുടെ കീഴിൽ മാത്രമേ ജോലി ചെയ്യുവാൻ പാടുള്ളൂ. ഒരു തൊഴിലുടമയുടെ തന്നെ പല കമ്പനികളോ, ബ്രാഞ്ച് ഓഫിസുകളോ ഉണ്ടെങ്കിൽ ഏത് കമ്പനിയുടെ വിസയാണോ, അല്ലെങ്കിൽ ബ്രാഞ്ച് ഓഫിസിന്റെ വിസയാണോ, അവിടെ മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ. തൊഴിൽ വിസയിൽ പറയുന്ന ജോലി മാത്രമേ ചെയ്യാവൂ. ഏത് ജോലിക്കാണ് തൊഴിൽ വിസ എടുക്കുന്നതെന്ന് തൊഴിൽ കരാറിൽ കാണിച്ചിരിക്കണം. തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈയിൽ സൂക്ഷിക്കണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.