മനാമ: ലോകമലയാളികളുടെ ആഗോള കൂട്ടായ്മ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസിന്റെ 2023-2025 കാലയളവിലേക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ സ്ഥാനാരോഹണവും കേരളപ്പിറവി ആഘോഷവും കേരളീയം ‘23 എന്ന പേരിൽ വ്യാഴാഴ്ച വൈകുന്നേരം ഏഴു മുതൽ ഇന്ത്യൻ ക്ലബിൽ നടക്കും.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ പാർലമെന്റ് അംഗം ബെന്നി ബഹനാൻ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബഹ്റൈൻ അംബാസഡർ ഫോർ പീസ് ഡോ. മസൂമ എച്ച്.എ റഹിം എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, പ്രവാസി ഭാരതീയ സമ്മാൻ, ഡബ്ല്യു.എം.സി സാമൂഹ്യ ജീവകാരുണ്യ അവാർഡ് എന്നിവ നേടിയ പ്രമുഖ വ്യവസായി കെ.ജി. ബാബുരാജ്, ഡബ്ല്യു.എം.സി ബിസിനസ് എക്സലൻറ് അവാർഡ് ജേതാവ് പമ്പാവാസൻ നായർ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര എന്നിവർ പ്രത്യേക അതിഥികളായിരിക്കും.
നാടിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന പുതുമയാർന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളീയ കലകളായ കഥകളി, മോഹിനിയാട്ടം, കേരള നടനം, തെയ്യം എന്നിവ സമന്വയിപ്പിച്ചുള്ള വ്യത്യസ്തമായ ഫ്യൂഷൻ ‘നാളം’ ശ്യാം രാമചന്ദ്രന്റെ സംവിധാനത്തിൽ അരങ്ങിലെത്തും. നൃത്താധ്യാപിക ഷീന ചന്ദ്രദാസിന്റെയും രേഖ രാഘവന്റെയും നേതൃത്വത്തിൽ ക്ലാസിക്കൽ, സിനിമാറ്റിക് അറബിക് നൃത്തപരിപാടികൾ എന്നിവ നടക്കും. ഗാനരചയിതാവും ചലച്ചിത്രസംഗീത സംവിധായകനുമായ മണികണ്ഠൻ പെരുമ്പടപ്പ്, നടിയും ഗായികയുമായ ശ്രീലയ എന്നിവരോടൊപ്പം വേൾഡ് മലയാളി കൗൺസിലിന്റെ ഗായകരും അണിനിരക്കുന്ന വേറിട്ട സംഗീതപരിപാടി എന്നിവയും നടക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 33462295, 33052485.
മനാമ: മേളകലാരംഗത്തെ സമഗ്ര സംഭാവനക്കായി വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ മേളാചാര്യ പുരസ്കാരം 2023 ബഹ്റൈൻ സോപാനം വാദ്യകലാസംഘത്തിന്റെ ഗുരുസന്തോഷ് കൈലാസ് സോപനത്തിന് ഇന്ത്യൻ അംബാസഡർ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ സ്ഥാനാരോഹണ പരിപാടിയിലാണ് അവാർഡ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.