കോഴിക്കോട്: പ്രവാസിക്ക് മുമ്പിൽ കോവിഡ് കാലം തീർത്ത കാറ്റും കോളും മറികടക്കാൻ പുതിയ ദൗത്യം ഏറ്റെടുത്ത് ഗൾഫ് മാധ്യമം. രോഗഭീഷണിക്ക് മുമ്പിൽ പകച്ച് നിൽക്കുന്ന പ്രവാസിയുടെ വിരൽത്തുമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. കോഴിക്കോട് ആസ്റ്റർ മിംസുമായി ചേർന്നാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി ഗൾഫ് മാധ്യമം ആശ്രയമൊരുക്കുന്നത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ സംശയങ്ങൾ മാറ്റാനും ഉപദേശങ്ങൾ നൽകാനും വിദഗ്ധ ഡോക്ടർമാർ 24 മണിക്കൂറിനകം ഫോണിൽ ബന്ധപ്പെടും.
ഗൾഫ് മാധ്യമം, മാധ്യമം ഒാൺലൈൻ എന്നിവയിൽ ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ ലിങ്കിലൂടെ പ്രവേശിച്ചോ പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ രോഗവിവരങ്ങളും സംശയങ്ങളും കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർ പരിശോധിക്കും. ശേഷം വിദഗ്ധ ഡോക്ടർ വാട്സാപ്പ്/ഫോൺ/ഒാൺലൈൻ മുഖേന തിരിച്ച് ബന്ധപ്പെടും. ആവശ്യമായ വൈദ്യോപദേശം സൗജന്യമായാണ് ലഭിക്കുക.
കോവിഡ് വ്യാപന ഭീതി നില നിൽക്കുന്നതിനിടയിൽ താമസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കുടുങ്ങി പോയവർക്ക് ആശ്വാസമാകുന്നതാണ് ‘സസ്നേഹം ഡോക്ടർ’ പദ്ധതി. കോവിഡ് വ്യാപനത്തിനിടയിലും ജോലി ചെയ്യേണ്ട സ്ഥിതിയുള്ള പ്രവാസികൾക്ക് യഥാസമയം വിദഗ്ധ വൈദ്യോപദേശം ലഭിക്കാത്തത് ഗൾഫ് മേഖലയിൽ വലിയ ആശങ്കയായി വളരുന്നതിനിടയിലാണ് ഗൾഫ് മാധ്യമവും ആസ്റ്റർ മിംസും ചേർന്ന് പുതിയ ചുവട്വെപ്പ് നടത്തുന്നത്.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ മറ്റു രോഗങ്ങളുടെ ചികിത്സയടക്കം വൈകുന്ന സാഹചര്യവും ഗൾഫ് മേഖലയിലുണ്ട്. സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്കും മറ്റും അത്യാവശ്യങ്ങൾക്ക് പോലും ഡോക്ടർമാരെ സമീപിക്കാനോ നിർദേശങ്ങൾ തേടാനോ കഴിയാത്ത സാഹചര്യത്തിൽ പ്രവാസികൾക്ക് സൗജന്യമായ വൈദ്യോപദേശം എത്തിക്കുന്ന പദ്ധതി നിരവധി പേർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണമായും സൗജന്യമായ ‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നാട്ടിൽ തിരിച്ചെത്തിയാൽ കോഴിക്കോട് ആസ്റ്റർ മിംസിൽ 2000 രൂപയുടെ മെഡിക്കൽ ചെക്കപ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കും.
പദ്ധതിയുടെ ലോഗോ പ്രകാശനം മാധ്യമം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം സാലിഹ്, ആസ്റ്റർ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫർഹാൻ യാസിൻ എന്നിവർ നിർവഹിച്ചു. എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, മാധ്യമം ജനറൽ മാനേജർ മുഹമ്മദ് റഫീക്, ന്യൂറോ സർജറി സീനിയർ കൺസൾട്ടൻറ് ഡോ.നൗഫൽ ബഷീർ, ആസ്റ്റർ മിംസ് ചീഫ് ഫിനാൻസ് ഒാഫീസർ അർജുൻ വിജയകുമാർ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ പി. നാസിർ, അസിസ്റ്റൻറ മാനേജർ സി.കെ അരുൺ, ഡെപ്യൂട്ടി മാനേജർ ഷിജു ടി.കുര്യൻ എന്നിവർ പെങ്കടുത്തു.
‘സസ്നേഹം ഡോക്ടർ’ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ പ്രവേശിക്കാം. https://www.madhyamam.com/sasnehamdr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.