????? ????? ???? ???????????????????

ഹിലാൽ അഹമദ് റാഥർ: റഫാൽ യുദ്ധവിമാന ഇടപാടിന് ചുക്കാൻ പിടിച്ച കശ്മീരി വ്യോമസേന ഓഫീസർ

ശ്രീനഗർ: കഴിഞ്ഞ തിങ്കളാഴ്ച മുതൽ കശ്മീരി എ‍യർഫോഴ്സ് ഉദ്യോഗസ്ഥനായ ഹിലാൽ അഹമദ് റാഥറാണ് വാർത്തകളിലെ താരം. തിങ്കളാഴ്ച ഫ്രാൻസ് ഇന്ത്യക്ക് കൈമാറിയ ആദ്യ ബാച്ച് റഫാൽ യുദ്ധ വിമാനങ്ങൾ സൈന്യത്തിന്‍റെ ഭാഗമാക്കാൻ ചുക്കാൻ പിടിച്ചവരിൽ ഒരാൾ ഹിലാലായിരുന്നു. 

നിലവിൽ ഫ്രാൻസിലെ ഇന്ത്യയുടെ എയർ അറ്റാഷെയാണ് ഹിലാൽ. എയർഫോഴ്സിന്‍റെ ചരിത്രത്തിൽ ഇടംപിടിച്ച മികച്ച ഫ്ലയിങ് ഓഫീസർ കൂടിയാണ് ഹിലാൽ. സൗത്ത് കശ്മിരിലെ അനന്തനാഗിലെ മിഡിൽക്ലാസ് കുടുംബത്തിൽ ജനിച്ച ഹിലാലിന്‍റെ പിതാവ് മുഹമ്മദ് അബ്ദുള്ള ജമ്മു കശ്മീർ പൊലീസിലെ റിട്ട ഡി.വൈ.എസ്.പിയാണ്. വായു സേന, വിശിഷ്ട സേവന മെഡലുകളും നേടിയിട്ടുണ്ട്. 

നഗ്റോട്ട ടൗണിലെ സൈനിക സ്കൂളിലായിരുന്നു ഹിലാലിന്‍റെ പഠനം. ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. 1988ലാണ് എയർഫോഴ്സിൽ ഫൈറ്റർ പൈലറ്റാവുന്നത്.1993ൽ ഫ്ലൈറ്റ് ലഫ്റ്റനന്‍റായി. 2004ൽ വിംഗ് കമാൻഡറും. തുടർന്ന് 2016ൽ ഗ്രൂപ്പ് ക്യാപ്റ്റനും 2019ൽ എയർ കമാൻഡറുമായി. 3000 മണിക്കൂറോളം അപകടം ഇല്ലാതെ യുദ്ധ വിമാനം പറത്തിയെന്ന ഖ്യാതിയും ഹിലാലിനുണ്ട്.

2016ലെ ഇന്ത്യ-ഫ്രാൻസ് കരാർ പ്രകാരം 38 ഇരട്ട എഞ്ചിൻ യുദ്ധ വിമാനങ്ങൾ 59,000 കോടി രൂപക്കാണ് ദസാൽട്ട് റാഫേലിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. ഇതിൽ ആദ്യ വിമാനം 2019 ഓക്ടോബറിൽ റഫാൽ കൈമാറിയിരുന്നു. 

തിങ്കാളാഴ്ച പത്ത് വിമാനങ്ങൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. അതിൽ അഞ്ചെണ്ണമാണ് രാജ്യത്തെത്തുക. ഇതിൽ 3 ഒറ്റ സീറ്റുള്ളതും 2 ഇരട്ട സീറ്റുള്ളതുമായ വിമാനമാണ് രാജ്യത്തെത്തുക. മറ്റുള്ള അഞ്ചെണ്ണം ഫ്രാൻസിൽ പരിശീലനത്തിലാണ്. 

ഫ്രാൻസിൽ നിന്നുള്ള ഏഴു മണിക്കൂർ പറക്കലിന് ശേഷം വിമാനം തിങ്കളാഴ്ച വൈകീട്ട് യു.എ.ഇയിലെ അൽ ദഫ്ര വിമാനത്താവളത്തിലെത്തി. പരിശീലനത്തിന്‍റെ ഭാഗമായി യാത്രക്കിടെ ഫ്രാൻസിന്‍റെ എയർബസ് എ330 മൾട്ടി റോൾ ടാങ്കർ വിമാനം ഉപയോഗിച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. ഈ ചിത്രം എയർഫോഴ്സ് ട്വീറ്റ് ചെയ്തിരുന്നു. 

വിമാനങ്ങൾ ബുധനാഴ്ച അംബാല വ്യോമസേന വിമാനത്താവളത്തിലെത്തും. 7000 കിലോമീറ്റർ താണ്ടിയാണ് വിമാനങ്ങൾ രാജ്യത്ത് എത്തുക. കരാർ പ്രകാരം 2020ഓടെ മുഴുവൻ വിമാനങ്ങളും റഫാൽ ഇന്ത്യക്ക് കൈമാറും.

Tags:    
News Summary - Hilal Ahmad Rather, IAF officer from Kashmir, who played key role in Rafale delivery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.