ആരോഗ്യ, ചികിത്സാരംഗത്തെ കെടുകാര്യസ്ഥത:  മന്ത്രി അലി അല്‍ ഉബൈദിക്കെതിരെ രണ്ട്  എം.പിമാര്‍ കുറ്റവിചാരണാ പ്രമേയം സമര്‍പ്പിച്ചു

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. അലി അല്‍ ഉബൈദിയെ പാര്‍ലമെന്‍റില്‍ കുറ്റവിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് എം.പിമാര്‍ നോട്ടീസ് നല്‍കി. റാകാന്‍ അന്നിസ്ഫ്, ഹംദാന്‍ അല്‍ആസിമി എന്നീ എം.പിമാരാണ് അഞ്ച് പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിയെ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട്  സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിമിന് നോട്ടീസ് നല്‍കിയത്. ചികിത്സാരംഗത്ത് ഡോക്ടര്‍മാരുടെയും മറ്റും ഭാഗത്തുനിന്നുള്ള വ്യാപകമായ പിഴവുകള്‍, സ്വദേശികളുടെ വിദേശചികിത്സ, ആരോഗ്യ ഡിപ്പാര്‍ട്ട്മെന്‍റുകളെ കമ്പ്യൂട്ടര്‍ ശൃംഖലകളുമായി ബന്ധിപ്പിക്കല്‍, ഡിപ്പാര്‍ട്ട്മെന്‍റ് തലത്തിലും സാമ്പത്തിക തലത്തിലും മന്ത്രാലയത്തില്‍ നടക്കുന്ന കെടുകാര്യസ്ഥതകള്‍, ഇന്‍ഷുറന്‍സ് മേഖലയുമായി സഹകരിച്ചുള്ള ആശുപത്രി നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റുക എന്നെല്ലാമാണ് ഇരുവരും കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എം.പിമാരില്‍നിന്ന് കുറ്റവിചാരണ നോട്ടീസ് കൈപ്പറ്റിയ സ്പീക്കര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന സൂചന നല്‍കി. ആശുപത്രിയില്‍ ശസ്ത്രക്രിയയുള്‍പ്പെടെ ചികിത്സകള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ പിഴവുകള്‍ മൂലം രോഗിമരിച്ച സംഭവം രാജ്യത്ത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തെറ്റുകള്‍ വരുത്തുന്ന ഡോക്ടര്‍മാരെ ശിക്ഷിക്കാനോ നിയമത്തിന് മുന്നില്‍കൊണ്ടുവരാനോ മന്ത്രാലയം നടപടികളൊന്നും സ്വീകരിക്കുന്നില്ളെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തി ആക്ഷേപത്തിന് ഇടയാകുന്ന സ്വദേശി ഡോക്ടര്‍മാരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുകയും വിദേശി ഡോക്ടര്‍മാരെ നാടുകടത്തുമെന്നും മന്ത്രാലയം കഴിഞ്ഞദിവസം വെളിപ്പെടുത്തുകയുണ്ടായി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.