കുവൈത്ത് സിറ്റി: രാജ്യത്ത് ഇലക്ട്രോണിക് മീഡിയകളും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തില്‍വന്നത് മുതല്‍ ഇത്തരത്തിലുള്ള 380 കേസുകള്‍ പിടികൂടി രജിസ്റ്റര്‍ ചെയ്തതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കഴിഞ്ഞ ജനുവരി 12ന് ആണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനും അവയുടെ തോതില്‍ കുറവുവരുത്താനും രാജ്യത്ത് ശക്തമായ നിയമം പ്രാബല്യത്തില്‍വന്നത്. അതേസമയം, നിയമം കടുത്തതാക്കിയിട്ടും രണ്ടര മാസത്തിനിടെ ഇത്രയും സൈബര്‍ കുറ്റകൃത്യങ്ങള്‍ പിടികൂടാനിടയാക്കിയ സാഹചര്യം ഗൗരവമായാണ് അധികൃതര്‍ കാണുന്നത്. ഫേസ്ബുക്, വാട്ട്സ്ആപ്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, അശ്ളീല വാര്‍ത്തകളും പടങ്ങളും പോസ്റ്റ് ചെയ്യല്‍, ജനങ്ങള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന സന്ദേശങ്ങള്‍ കൈമാറല്‍, ഇത്തരം മാധ്യമങ്ങള്‍ വഴി ഭീകരവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയ സംഭവങ്ങളാണ് ഇവയിലധികവും.
ഇതുകൂടാതെ പത്രങ്ങള്‍, ചാനലുകള്‍ എന്നിവയിലൂടെ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുക, മറ്റുള്ളവരുടെ വൈബ്സൈറ്റ് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറുക തുടങ്ങിയ സംഭവങ്ങളും പിടികൂടുകയുണ്ടായി. അതിനിടെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയ സാഹചര്യത്തില്‍ കുറ്റവാളികളെ തെളിവെടുപ്പിന് വിധേയമാക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് കൂടുതല്‍ പ്രോസിക്യൂഷന്മാരെ ജസ്റ്റിസ് ദറാര്‍ അല്‍ അസ്ഊദി നിയമിച്ചു. ഇതോടെ, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായുള്ള പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ പ്രോസിക്യൂട്ടര്‍മാരുടെ എണ്ണം 17 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.