കുവൈത്ത് സിറ്റി: വിവിധ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പോകാനാഗ്രഹിക്കുന്ന കുവൈത്തി പൗരന്മാര്‍ക്കും കുവൈത്തില്‍ റെസിഡന്‍സിയുള്ള ഇതര വിദേശ രാജ്യക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ എംബസി. ആവശ്യമനുസരിച്ച് ആറുമാസം, ഒരുവര്‍ഷം, അഞ്ചുവര്‍ഷം എന്നീ കാലാവധികളിലുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസയാണ് അനുവദിക്കുകയെന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചികിത്സക്കായി പോകുന്നവര്‍ക്ക് ആറുമാസ കാലാവധിയുള്ള വിസക്ക് 25 ദീനാറും ഒരു വര്‍ഷത്തേക്ക് 38 ദീനാറും ബിസിനസ് ആവശ്യാര്‍ഥമുള്ള സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷത്തേക്ക് 38 ദീനാറും അഞ്ചുവര്‍ഷത്തേക്ക് 63 ദീനാറുമാണ് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ നിരക്ക്.
വിനോദസഞ്ചാരികള്‍ക്കുള്ള ആറുമാസ വിസക്ക് 13 ദീനാര്‍ ആണ് ഫീസ്. പഠനത്തിനായി ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഒരുവര്‍ഷ കാലാവധിയുള്ള ട്രിപ്പ്ള്‍ എന്‍ട്രി വിസ നല്‍കും. 24 ദീനാര്‍ ആണ് ഫീസ്. പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തിയ കിങ്സ് ആന്‍ഡ് കോക്സിന്‍െറ ശര്‍ഖിലെയും ഫഹാഹീലിലെയും ജലീബിലെയും ഓഫിസുകളില്‍ വിസ അപേക്ഷ നല്‍കാം.
അപേക്ഷകര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ വിസ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. indiavisa.kuwait@ckgs.com എന്ന ഇ- മെയില്‍ വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. അടിയന്തര സാഹചര്യങ്ങളിലും നയതന്ത്ര പാസ്പോര്‍ട്ട് ഉള്ളവര്‍ക്കും ഇന്ത്യന്‍ എംബസിയില്‍നിന്ന് നേരിട്ട് വിസ ലഭിക്കുമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.