കുവൈത്ത് 30 കോടി ഡോളര്‍ നല്‍കും –അമീര്‍

കുവൈത്ത് സിറ്റി:  ആഭ്യന്തര സംഘര്‍ഷം മൂലം രാജ്യത്തിനകത്തും പുറത്തും ദുരിതമനുഭവിക്കുന്ന സിറിയക്കാരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച നാലാമത് സിറിയന്‍ സഹായ ഉച്ചകോടിയില്‍ (സപ്പോര്‍ട്ടിങ് സിറിയ ആന്‍ഡ് ദ റീജ്യന്‍) കുവൈത്തിന്‍െറ വക വന്‍ സഹായ വാഗ്ദാനം. 
30 കോടി ഡോളറാണ് ലണ്ടനില്‍ നടക്കുന്ന ഉച്ചകോടിയില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് വാഗ്ദാനം ചെയ്തത്. മുന്‍വര്‍ഷങ്ങളില്‍ നടന്ന മൂന്ന് ഉച്ചകോടികള്‍ക്കും കുവൈത്തായിരുന്നു ആതിഥ്യം വഹിച്ചത്. 
ആദ്യ ഉച്ചകോടിയില്‍ 30 കോടി ഡോളറും രണ്ടും മൂന്നും ഉച്ചകോടികളില്‍ 50 കോടി ഡോളര്‍ വീതവുമാണ് കുവൈത്ത് വാഗ്ദാനം നല്‍കിയിരുന്നത്. വാഗ്ദാനം ചെയ്ത തുക മുഴുവന്‍ യു.എന്‍ ഏജന്‍സികള്‍ക്കും മറ്റുമായി വിതരണം ചെയ്ത ഏക രാജ്യവും കുവൈത്താണ്.  773 കോടി ഡോളറാണ് നാലാമത് ഉച്ചകോടി വഴി ശേഖരിക്കാന്‍ യു.എന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ലക്ഷ്യമിട്ടിരുന്നത് 840 കോടി ഡോളറായിരുന്നെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടത് 380 കോടി ഡോളറും രണ്ടാം ഉച്ചകോടിയില്‍ 650 കോടി ഡോളര്‍ ലക്ഷ്യമിട്ടപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടത് 240 കോടി ഡോളറും മാത്രമായിരുന്നു. 
ഒന്നാം ഉച്ചകോടിയില്‍ മാത്രമാണ് ലക്ഷ്യമിട്ട 150 കോടി ഡോളറില്‍ കൂടുതല്‍ വാഗ്ദാനം ലഭിച്ചത്. യുനൈറ്റഡ് നാഷന്‍സ് ഓഫിസ് ഫോര്‍ ദ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്താണ് ഉച്ചകോടി സംഘടിപ്പിച്ചത്. സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി ചേര്‍ന്നത്. 
രണ്ടു രീതിയിലാണ് യു.എന്‍ സഹായമത്തെിക്കുന്നത്. രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്ന സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) അല്ളെങ്കില്‍ പ്ളാന്‍ ഫോര്‍ ഇന്‍േറണലി ഡിസ്പ്ളേസ് (ഐ.ഡി.പി) ആണ് ഒന്ന്. ജോര്‍ഡന്‍, ഇറാഖ്, ലബനാന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന സിറിയ റീജ്യനല്‍ റെസ്പോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) അല്ളെങ്കില്‍ റീജനല്‍ റെഫ്യൂജി ആന്‍ഡ് റീസയലന്‍സ് പ്ളാന്‍ (ത്രീആര്‍.പി) ആണ് രണ്ടാമത്തേത്. ആദ്യത്തേതിലേക്ക് 273 കോടി ഡോളറും രണ്ടാമത്തേതിലേക്ക് 500 കോടി ഡോളറും എന്നത് പ്രകാരമാണ് ആവശ്യമായ തുക 773 കോടി ഡോളറായി കണക്കാക്കിയിരിക്കുന്നത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും സിറിയയിലെ ദുരന്തത്തിന്‍െറ വ്യാപ്തി വര്‍ധിക്കുകയാണ്. 
സിറിയന്‍ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് വീട് നഷ്ടമായിരിക്കുകയാണ്. സിറിയക്കകത്ത് അഭയാര്‍ഥികളായവരുടെ എണ്ണം 75 ലക്ഷവും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയവരുടെ എണ്ണം 45 ലക്ഷവും കഴിഞ്ഞിരിക്കുന്നു. ഇതുകൂടാതെ രാജ്യത്തിനകത്ത് അഞ്ചുലക്ഷത്തോളം പേര്‍ ഉപരോധത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. 
പ്രതിസന്ധി മൂലം പട്ടിണിഗ്രാമമായി മാറിയ മദായയുടെ ദയനീയ ചിത്രം അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഐക്യരാഷ്ട്രസഭ രക്ഷാസമിതി 2254, 2139, 2165, 2191 നമ്പര്‍ പ്രമേയങ്ങളിലൂടെ പലവട്ടം ആവശ്യപ്പെട്ടിട്ടും സഹായം ആവശ്യമായ ജനങ്ങള്‍ക്ക് എത്തിക്കുന്നതിന് സുരക്ഷിതമായ മാര്‍ഗമൊരുക്കാന്‍ സിറിയന്‍ ഭരണകൂടം തയാറായിട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.